ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കാതിരിക്കുന്ന ഗവർണർമാരെ ഭരണഘടന ഓർമിപ്പിച്ച് സുപ്രീംകോടതി. ‘എത്രയും പെട്ടെന്ന്’ ബിൽ അംഗീകരിക്കുകയോ തിരിച്ചയയ്ക്കുകയോ വേണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 200 ഗവർണർമാരുടെ ഓർമയിലുണ്ടാകണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായ ഗവർണർമാർ ബില്ലുകളിന്മേൽ നടപടിയെടുക്കുന്നില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടെയാണ് കോടതിയുടെ സുപ്രധാന നിർദേശം. അംഗീകരിച്ചാലും ഇല്ലെങ്കിലും ബില്ലുകളിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് ഭരണഘടന നിർദേശിക്കുന്നതെന്നു കോടതി വ്യക്തമാക്കി. ഗവർണർ തമിഴിസൈ സൗന്ദർരാജൻ 10 ബില്ലുകളിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് തെലങ്കാന സർക്കാരാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, തെലങ്കാന സർക്കാരിന്റെ പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ബില്ലുകളൊന്നും ഗവർണർ തടഞ്ഞുവച്ചിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. ബില്ലിന്മേൽ നടപടിയെടുക്കാൻ ഗവർണർമാർക്കു സമയക്രമം നൽകണമെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരുടെ ബെഞ്ച് നിരസിച്ചു.

തുഷാർ മേത്തയും തെലങ്കാന കൗൺസൽ ദുഷ്യന്ത് ദവെയും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ കണക്കിലെടുത്ത് ഹർജി സുപ്രീംകോടതി തീർപ്പാക്കി. കേരളത്തിലും മുൻ നിയമസഭാ സമ്മേളനങ്ങളിൽ പാസാക്കിയ വിവാദ ബില്ലുകൾ ഉൾപ്പെടെ 6 എണ്ണത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിട്ടില്ല. ഇതേച്ചൊല്ലി സർക്കാരും രാജ്ഭവനും ഏറ്റുമുട്ടലിലാണ്.

English Summary: Governors must assent or send back bills ‘as soon as possible’: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com