ഇ പോസ് സംവിധാനത്തിൽ പ്രതിസന്ധി; റേഷൻ കടകൾ മൂന്നു ദിവസം അടച്ചിടും
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ ഇ പോസ് സംവിധാനത്തിൽ ഉണ്ടായതു ഗുരുതരമായ പ്രതിസന്ധിയാണെന്നു സംസ്ഥാന സർക്കാരും സ്ഥിരീകരിച്ചു. ഇതേ തുടർന്ന് റേഷൻ കടകൾ അടുത്ത മൂന്നു ദിവസം അടച്ചിടാൻ തീരുമാനിച്ചു. ഇനി 29ന് മാത്രമേ തുറക്കുകയുള്ളു.
റേഷൻ കടകളിലെ ഇ പോസുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ അധിഷ്ഠിത പൊതുവിതരണ സംവിധാനത്തിലെ (എഇപിഡിഎസ്) പിഴവുകൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് ഇതിന്റെ പരിപാലനച്ചുമതല ഉള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കടകൾക്കു മൂന്നു ദിവസം അവധി നൽകുന്നത്. ഏപ്രിൽ 29, മേയ് 2, 3 തീയതികളിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു ശേഷം 2 മുതൽ വൈകിട്ട് 7 വരെയും ആയിരിക്കും കടകളുടെ പ്രവർത്തനം. മേയ് 4, 5 തീയതികളിൽ മുഴുവൻ സമയവും പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി. മുന്നു ദിവസം തുടർച്ചയായി റേഷൻ കടകളിലെ ഇ പോസ് സംവിധാനം തകരാറിലായി റേഷൻ വിതരണം സ്തംഭിച്ച സാഹചര്യത്തിലാണു തീരുമാനം.
English Summary: Ration shops to shut down for 3 days