ആശുപത്രി വാതിൽവരെ എത്തിക്കാതെ അവരെ ഇറക്കി നടത്തിച്ചതെന്ത്?: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവർ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രിയിൽ എത്തും മുൻപേ വാഹനത്തിൽ പുറത്തിറക്കി നടത്തിച്ചതെന്ന് സുപ്രീം കോടതി ആരാഞ്ഞു. വാഹനത്തിനു വെളിയിലിറക്കി ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. ഈ സാഹചര്യത്തിലാണ്, ആശുപത്രിയിലേക്ക് നേരിട്ടു കൊണ്ടുപോകാതെ അതിനു മുൻപേ വാഹനത്തിൽനിന്ന് ഇറക്കി നടത്തിച്ചത് എന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം.
‘‘ആ വിഡിയോ ദൃശ്യം ഞങ്ങൾ കണ്ടു. അവരെ എന്തുകൊണ്ടാണ് ആശുപത്രിയുടെ വാതിൽക്കൽ വരെ വാഹനത്തിൽ കൊണ്ടുപോകാതിരുന്നത്? എന്തുകൊണ്ടാണ് അത്രയും ദൂരം നടത്തിച്ചത്?’ – കോടതി ചോദിച്ചു. ആ ദിവസം അതീഖിനെയും അഷ്റഫിനെയും പ്രയാഗ‌്‌രാജിലെ മോത്തിലാൽ നെഹ്റു ഡിവിഷനൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്ന വിവരം അക്രമികൾ എങ്ങനെയാണ് മനസ്സിലാക്കിയതെന്നും കോടതി ആരാഞ്ഞു.
ഝാൻസിയിൽവച്ച് അതീഖ് അഹമ്മദിന്റെ മകൻ ആസാദിനെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ സംഭവത്തിലും റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. മാത്രമല്ല, പ്രയാഗ്‌രാജിൽ വച്ച് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരുവരുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
അതീഖും അഷ്റഫും കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപാണ് അതീഖിന്റെ മകൻ ആസാദ് ഉത്തർപ്രദേശ് പ്രത്യേക ദൗത്യ സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വാദം. ആസാദിന്റെ സംസ്കാരം നടന്ന ദിവസമാണ് അതീഖും അഷ്റഫും കൊല്ലപ്പെട്ടത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അതീഖിന്റെ അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ഇതോടൊപ്പം 2017നു ശേഷം ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളും സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. 183 ക്രിമിനലുകളെ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ വകവരുത്തിയതായി യുപി പൊലീസ് തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. അതീഖ് അഹമ്മദിന്റെ മകൻ അസദിന്റെ വധവും ഇതിൽ ഉൾപ്പെടുന്നു.
അലഹാബാദ് വെസ്റ്റ് എംഎൽഎ ആയിരുന്ന രാജുപാലിനെ 2005 ൽ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്സാക്ഷി ഉമേഷ് പാലിനെ 2023 ഫെബ്രുവരിയിൽ വധിച്ച കേസിൽ അതീഖ് അഹമ്മദിനെയും അഷ്റഫിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയിൽ കഴിഞ്ഞ 15ന് ആണ് ഇരുവരെയും മാധ്യമപ്രവർത്തകർ എന്ന് നടിച്ചെത്തിയവർ കൊലപ്പെടുത്തിയത്.
English Summary: Supreme Court directs UP govt. to submit status report on steps taken post killing of Atiq Ahmed, his brother