മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും സുരേഷ് ഗോപിയും
Mail This Article
കോഴിക്കോട്∙ അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശനം നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനുമുണ്ടായിരുന്നു.
രാവിലെ ഒൻപതേമുക്കാലോടെയാണ് മുഖ്യമന്ത്രി മാമുക്കോയയുടെ അരക്കിണറിലെ വീട്ടിൽ സന്ദർശനം നടത്തിയത്. പത്തുമിനിറ്റോളം വീട്ടില്‍ ചെലവഴിച്ച അദ്ദേഹം കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. മാമുക്കോയയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ പ്രമുഖരെത്തിയില്ലെന്ന വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. കോഴിക്കോട് ജില്ലയിലെ ഔദ്യോഗികപരിപാടികള്‍ക്ക് എത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാമുക്കോയയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാമുക്കോയ അന്തരിച്ച ദിവസം മുഖ്യമന്ത്രി അനുശോചന കുറിപ്പ് ഇറക്കിയിരുന്നു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ജോയി മാത്യു തുടങ്ങിയവരും മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ആയിരുന്നു സുരേഷ് ഗോപി മാമുക്കോയയുടെ വീട് സന്ദർശിച്ചത്. ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് അദ്ദേഹം പറഞ്ഞു. മാമുക്കോയയുടെ വിയോഗം സിനിമാ രംഗത്ത് വലിയ നഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാവിലെ വീട്ടിലെത്തിയ സുരേഷ് ഗോപി മാമുക്കോയുടെ കുടുംബവുമായി സംസാരിക്കുകയും സമയം പങ്കിടുകയും ചെയ്തു. കർമ അടക്കമുള്ള അനേകം സിനിമകളിൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച നടനാണ് മാമുക്കോയ.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 26 നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയെ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഹൃദയാഘാതത്തിനു പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സംസ്കാരച്ചടങ്ങുകളിലോ വീട്ടിലോ പ്രമുഖരെത്താതിരുന്നതില്‍ വിവാദമാവശ്യമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു. മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. മാമുക്കോയയ്ക്ക് അർഹിച്ച ആദരം നൽകിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ ഉൾപ്പെടയുള്ളവർ വിമർശിച്ചിരുന്നു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് എത്തിച്ചേരാൻ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പിന്നാലെ വ്യക്തമാക്കുകയും ചെയ്തു.
English Summary: CM Visits Mamukoya's home