ലണ്ടനിലെ ഫുൾ മാരത്തൺ നേട്ടം: കെ.എം.ഏബ്രഹാമിന് ഒരു പൊൻതൂവൽ കൂടി
Mail This Article
തിരുവനന്തപുരം∙ ‘ഒരു വെടിക്കു രണ്ടു പക്ഷി’; ഡോ. കെ.എം.ഏബ്രഹാമിനെ സംബന്ധിച്ച് ലണ്ടൻ മാരത്തൺ നേട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. കെ.എം.ഏബ്രഹാം ലണ്ടനിൽ 42 കിലോമീറ്റർ ഓടി ഫുൾ മാരത്തൺ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. മുംബൈയിൽ ഉൾപ്പെടെ ഹാഫ് മാരത്തൺ ഓടി വാർത്തയിൽ സ്ഥാനം നേടിയ ഏബ്രഹാം ആദ്യമായാണ് ഫുൾ മാരത്തൺ ഓടുന്നത്.
ഫോണിൽ സംസാരിക്കുമ്പോൾ ഏബ്രഹാം നിറഞ്ഞ സന്തോഷത്തിലായിരുന്നു. ലണ്ടനിലുള്ള മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പോയതായിരുന്നു ഏബ്രഹാം. കൂടെ ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നായ ലണ്ടൻ മാരത്തണിൽ പങ്കെടുക്കുകയായിരുന്നു. ലണ്ടനിൽ ബാർ ക്ലെയ്സ് ബാങ്കിന്റെ എംഡിയായ മകൻ മാത്യു കണ്ടത്തിലും ഭാര്യ റോഷനും മുൻകൈയെടുത്താണ് ബ്രെയിൻ റിസർച് ചാരിറ്റി യുകെയുടെ ഫണ്ട് കലക്‌ഷന്റെ ഭാഗമായി മാരത്തൺ ഓടാൻ സൗകര്യമൊരുക്കിയത്. ചാരിറ്റിക്കായി സ്ഥാപനത്തിനു രണ്ടര ലക്ഷം രൂപ ശേഖരിച്ച് നൽകാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യവും അദ്ദേഹത്തിനുണ്ട്.
കഴിവും കഠിനാധ്വാനവും സത്യസന്ധതയും ഒത്തുചേർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, ഐഎസിന്റെ മോടിയും ധാടിയും ഇല്ലാത്ത ജീവിതം. അറുപത്തിയാറാം വയസ്സിലും ഔദ്യോഗിക ജോലിയിൽ മുഴുകുന്നു. തയ്‌ക്വാൻഡോയും നടത്തവും പോലെയുള്ള കായിക വിനോദങ്ങളാണ് ഹോബി. തയ്‌ക്വാൻഡോയിൽ സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇടയ്ക്ക് വീണു കാലിന്റെ ലിഗമെന്റ് തകർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഇപ്പോൾ ലണ്ടനിലെ മാരത്തൺ പൂർത്തിയാക്കിയത്.
ഫുൾ മാരത്തണിന് 4000 കലോറി വരെ ഊർജം വേണം എന്നതിനാൽ കേരളത്തിലെ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് ഏബ്രഹാം ഭാര്യ ഷേർളിയുമൊത്ത് ഒരാഴ്ച മുൻപ് ലണ്ടനിൽ എത്തിയത്. ഗ്രീൻവിച്ചിൽ തുടങ്ങിയ മാരത്തൺ ബക്കിങ്ഹാം കൊട്ടാരത്തിനു മുന്നിലാണു സമാപിച്ചത്. ലോകമെമ്പാടും നിന്നായി അരലക്ഷത്തിലേറെ പേർ പങ്കെടുത്ത ഏറ്റവും വലിയ മാരത്തണിൽ ഒന്നായിരുന്നു ലണ്ടനിൽ നടന്നത്.
English Summary: KM Abraham successfully completed London Marathon