മഹാരാഷ്ട്രയിൽ രണ്ടു നില കെട്ടിടം തകർന്ന് മൂന്ന് മരണം; 11 പേർക്ക് പരുക്ക്
Mail This Article
താനെ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ രണ്ടു നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെട്ടിട അവിശിഷ്ടങ്ങൾക്കിടയിൽ 15 മുതൽ 20 വരെ പേർ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. ഇതിനകം ഒൻപതു പേരെ രക്ഷിച്ചെന്ന് അധികൃതർ അറിയിച്ചു.
സംഭവസ്ഥലം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സന്ദർശിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും ഷിൻഡെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെയാണു വൃദ്ധമാൻ കോംപൗണ്ടിലുണ്ടായിരുന്ന കെട്ടിടം തകർന്നു വീണതെന്നു മുനിസിപ്പിൽ കോർപ്പറേഷൻ ദുരന്തനിവാരണ മാനേജ്മെന്റ് തലവൻ അവിനാഷ് സാവന്ത് അറിയിച്ചു. മരിച്ചവരിൽ ഒരാൾ 40 വയസുള്ള പുരുഷനും മറ്റെയാൾ 26 വയസുള്ള സ്ത്രീയുമാണെന്നു തിരിച്ചറിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, മരിച്ചവരിൽ ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കേന്ദ്ര ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവരാണ സേനയുടെയും രണ്ടു ടീമുകളും 10 ഫയർ എൻജിനുകളും വിവിധ സുരക്ഷാ ഏജൻസികളും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.
Englsih Summary: Maharashtra: 3 Killed, 11 Injured in Bhiwandi Building Collapse