റോഡ് ക്യാമറ: ചുക്കാൻ പിടിച്ചത് പ്രസാഡിയോയും ട്രോയിസും; മറച്ചുവച്ച് കെൽട്രോൺ
Mail This Article
തിരുവനന്തപുരം∙ റോഡ് ക്യാമറാ പദ്ധതിയുടെ നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ചത് പുറംകരാര്‍ ലഭിച്ച കമ്പനികളായ പ്രസാഡിയോ ടെക്നോളജീസും ട്രോയിസ് ഇന്‍ഫോടെകും. ഈ കമ്പനികളുടെ തലപ്പത്തുള്ള ഒ.ബി.രാംജിത്തും ടി.ജിതേഷുമാണ് പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടെ മറ്റ് കമ്പനികളെ നിയന്ത്രിച്ചിരുന്നത്. ഇവരുടെ സാന്നിധ്യം പദ്ധതിയുടെ തുടക്കം മുതലുണ്ടായിട്ടും കെല്‍ട്രോണും സര്‍ക്കാരും മറച്ചുവച്ചതില്‍ ദുരൂഹതയേറുന്നു. കെല്‍ട്രോൺ ആണ് എല്ലാം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പദ്ധതിയില്‍ ഏഴ് സ്വകാര്യ കമ്പനികളാണ് ഇടപെട്ടത്.
മോട്ടോര്‍ വാഹനവകുപ്പ് കെല്‍ട്രോണിനെ ഏല്‍പിച്ചു. അവര്‍ എസ്ആര്‍ഐടിക്ക് കൈമാറി. ടെൻഡറില്‍ നേരിട്ടു പങ്കെടുക്കാന്‍ സാങ്കേതിക മികവ് കുറവുണ്ടായിരുന്ന എസ്ആര്‍ഐടി, ട്രോയിസ് ഇന്‍ഫോടെക്കിനെയും മീഡിയോട്രാണിക്സിനെയും കൂട്ടുപിടിച്ചു. അങ്ങനെ നേടിയ കരാര്‍ പിന്നീട് പ്രസാഡിയോ ടെക്നോളജീസിനു മറിച്ചുകൊടുത്തു. പ്രസാഡിയോ കോഴിക്കോട്ടെ അല്‍ഹിന്ദ് ഗ്രൂപ്പുമായും അവര്‍ പിന്‍മാറിയപ്പോള്‍ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും അവരും മാറിയപ്പോള്‍ ഇ-സെന്‍ട്രിക് സൊലൂഷന്‍സിനെയും കൂട്ടുപിടിച്ചു.
അങ്ങനെ ഇ-സെന്‍ട്രിക് സൊലൂഷന്റെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്സിന്റെയും സാങ്കേതിക സഹായത്തോടെയും പ്രസാഡിയോ ചുക്കാന്‍ പിടിച്ചപ്പോള്‍ കെല്‍ട്രോണും എസ്ആര്‍ഐടിയുമെല്ലാം വെറും നോക്കുകുത്തികളുമായി. കമ്പനികള്‍ ഏഴെണ്ണമുണ്ടങ്കിലും മുന്നില്‍നിന്ന് ചുക്കാന്‍ പിടിച്ച മനുഷ്യര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം രണ്ട് പേരിലേക്കെത്തും. പ്രസാഡിയോയുടെ ഡയറക്ടര്‍മാരിലൊരാളായ ഒ.ബി. രാംജിത്തും ട്രോയിസിന്റെ ഡയറക്ടറായ ടി.ജിതേഷും.
കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മിലുള്ള ആദ്യ കരാറില്‍ തന്നെ ജിതേഷ് സാക്ഷിയാണ്. പദ്ധതിയിലേക്കു മറ്റ് കമ്പനികളെയെല്ലാം ക്ഷണിച്ചത് രാംജിത്താണ്. ഇതോടെ പദ്ധതിയുടെ ആലോചന മുതല്‍ പൂര്‍ത്തീകരണം വരെ നിയന്ത്രിച്ചത് ഇവരെന്നു വ്യക്തമാവും. സര്‍ക്കാര്‍ പദ്ധതിയില്‍ ഇവര്‍ക്കു ലഭിച്ച മേധാവിത്തവും ഇവരുടെ രാഷ്ട്രീയബന്ധങ്ങളുമാണ് അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നത്.
English Summary: Seven private companies interfered in AI Camera Project