ഇനി അര ലീറ്ററിന്റെ ജവാനും; ഉല്‍പാദനം ഇരട്ടിയാക്കി, പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിള്‍ എക്സ് റം’ എന്ന പുതിയ ബ്രാന്‍ഡും എത്തും. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്.
ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്.
സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍ ബ്രാന്‍ഡ്. നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. ബവ്കോ ഔട്ട്‌ലെറ്റുകളിൽ എത്തുന്ന മദ്യം വേഗം തീരുന്നത് ഉപഭോക്താക്കളും ബവ്കോ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു വരെ കാരണമാകുന്നുണ്ട്. ജവാന്റെ ഉല്‍പാദനം കൂട്ടുന്നതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്ന് ബവ്കോ കരുതുന്നു. ജവാന്‍റെ ഉല്‍പാദനം കൂട്ടുന്നതോടൊപ്പം മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നും മലബാര്‍ ബ്രാന്‍ഡിയും പുറത്തിറക്കാന്‍ ഉദ്ദേശിച്ചെങ്കിലും നടന്നില്ല.
English Summary: Production of Jawan liquor will be doubled