ADVERTISEMENT

തിരുവനന്തപുരം ∙ മുൻ എംഎൽഎയും സിപിഎം നേതാവും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാൾ (91) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പ്രിൻസിപ്പലായിരുന്നു. നെടുമങ്ങാട് നഗരസഭ ചെയർപഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു.

1987ല്‍ 13,108 വോട്ടുകൾക്ക് കഴക്കൂട്ടം മണ്ഡലത്തിൽനിന്ന് സിപിഎം സ്ഥാനാർഥിയായി വിജയിച്ചു. 1991ൽ 689 വോട്ടുകൾക്ക് സിഎംപിയിലെ എം.വി.രാഘവനോട് പരാജയപ്പെട്ടു. ഭർത്താവ്: പരേതനായ എം.ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ), ലൈല (റിട്ട. ബിഎസ്എൻഎൽ), സലിം (കേബിൾ ടിവി), താര (അധ്യാപിക, കോട്ടൻഹിൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പിആർഡി അസിസ്റ്റന്റ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രഫ. നബീസ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയുമായിരുന്ന നബീസ ഉമ്മാൾ, സംസ്ഥാനത്തെ നിരവധി സർക്കാർ കോളജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. എ.ആർ.രാജരാജവർമയ്ക്കു ശേഷം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്‌ലിം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതുപക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നത്- മുഖ്യമന്ത്രി അനുസ്മരിച്ചു.

English Summary: Former CPM MLA Nabeesa Ummal passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com