സ്വവർഗബന്ധം വൈകല്യമെന്ന് ആർഎസ്എസ് ബന്ധമുള്ള വനിതാ സംഘടനയുടെ സർവേ
Mail This Article
ന്യൂഡൽഹി∙ സ്വവർഗബന്ധം വൈകല്യമാണെന്നും സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ അത് സമൂഹത്തിൽ വർധിക്കുമെന്നും ആർഎസ്‌എസ് ബന്ധമുള്ള സംവർധിനി ന്യാസിന്‍റെ സർവേ.
രാഷ്ട്രീയ സേവിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായ സംവർധിനി ന്യാസാണ് സർവേ സംഘടിപ്പിച്ചത്. വിവിധ വൈദ്യശാസ്ത്ര മേഖലയിലുള്ള രാജ്യത്തെ 318 പേരാണ് സർവേയിൽ പങ്കെടുത്ത്. അലോപ്പതിയും ആയൂർവേദയും ഉൾപ്പെടയുള്ള എട്ട് വ്യത്യസ്ത ചികിത്സാ സമ്പദ്രായങ്ങൾ പിന്തുടരുന്ന ഡോക്ടർമാരാണ് സർവേയിൽ പങ്കെടുത്തത്.
70 ശതമാനം ഡോക്ടർമാരും സ്വവർഗബന്ധം വൈകല്യമാണെന്ന് അഭിപ്രായപ്പെടുന്നു. 83 ശതമാനം പേർ ലൈംഗിക രോഗങ്ങൾ പകരുന്നതിന് സ്വവർഗബന്ധം കാരണമാകുമെന്ന് വിലയിരുത്തുന്നു. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നതിലൂടെ വൈക്യലത്തെ ചികിത്സിച്ച് മാറ്റിയെടുക്കുന്നതിന് പകരം സാധാരണനിലയിലാക്കി മാറ്റുന്നതിന് കാരണമാകും. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗൺസലിങാണ് മികച്ച മാർഗമെന്നും സർവേ വിലയിരുത്തുന്നു.
കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്നതിന് സ്വവർഗദമ്പതികൾക്ക് സാധിക്കില്ലെന്നും 67 ശതമാനം ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് മുൻപ് പൊതുജനാഭിപ്രായം തേടണമെന്നും സർവേ നിർദേശിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് സർവേയുമായി ആർഎസ്എസ് രംഗത്ത് വന്നിരിക്കുന്നത്. സുപ്രീം കോടതി വിഷയത്തിൽ ഇടപെടുന്നതിനെ 57 ശതമാനം ഡോക്ടർമാരും അനുകൂലിക്കുന്നില്ലെന്ന് സർവേ പറയുന്നു.
English Summary: "Homosexuality A Disorder, Will Rise If Same-Sex Marriage Legalised": RSS Body Survey