എസ്ആര്‍ഐടി ഒഴിഞ്ഞു; വാഹന പരിശോധന കേന്ദ്രവും യാര്‍ഡും തുരുമ്പെടുത്ത് നശിക്കുന്നു
Mail This Article
കണ്ണൂർ ∙ കാസർകോട്ടെയും കണ്ണൂരിലെയും ഓട്ടമാറ്റിക്ക് വാഹന പരിശോധന കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡും അനാഥമായി. പരിപാലന ചുമതല ഏറ്റെടുത്ത എസ്ആര്‍ഐടി കമ്പനി ടെന്‍ഡറില്‍നിന്ന് ഒഴിഞ്ഞതോടെയാണിത്. മൂന്ന് വര്‍ഷത്തേക്കുള്ള ടെൻഡർ തുകയില്‍ 20 ശതമാനത്തിന്‍റെ വര്‍ധനവെന്ന ആവശ്യം ഗതാഗത വകുപ്പ് നിരസിച്ചതോടെയാണ് പിന്മാറ്റം.
9 കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച കണ്ണൂര്‍ കാഞ്ഞിരങ്ങാട്ടെയും കാസർകോട് ബേളിയിലെയും ഓട്ടമാറ്റിക്ക് വാഹന പരിശോധന കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡും തുരുമ്പെടുക്കുകയാണ്. 2019ല്‍ മോട്ടര്‍ വാഹനവകുപ്പ് നേരിട്ടുവിളിച്ച ടെന്‍ഡറില്‍ ഒന്നാമതെത്തിയ ബെംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി കമ്പനി നിലവിലെ ടെന്‍ഡര്‍ തുകയ്ക്ക് കേന്ദ്രങ്ങളുടെ പരിപാലന ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചു. 2019ലെ കരാര്‍ തുകയായ 3,17,16,000 രൂപ, ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ 3,80,59,200 രൂപയായി ഉയര്‍ത്തി നല്‍കണമെന്ന എസ്ആര്‍ഐടിയുടെ ആവശ്യം ഗതാഗത വകുപ്പ് നിരസിച്ചു.
2019 ല്‍ കരാറെടുത്തതല്ലാതെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയോ മറ്റു സംവിധാനങ്ങള്‍ ഒരുക്കുകയോ എസ്ആര്‍ഐടി ചെയ്തിരുന്നില്ല. കരാര്‍ എടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞാണ് കരാര്‍ തുകയിലെ വര്‍ധന എന്ന ആവശ്യം എസ്ആര്‍ഐടി ഉന്നയിച്ചതെന്നതും ശ്രദ്ധേയം. മൂന്നു വര്‍ഷമായി എവിടെയായിരുന്നുവെന്ന് എസ്ആര്‍ഐടിയോട് ചോദിക്കാന്‍ മോട്ടര്‍ വാഹനവകുപ്പോ സര്‍ക്കാരോ ധൈര്യം കാണിച്ചതുമില്ല. കണ്ണൂരിലെയും കാസര്‍കോട്ടെയും കേന്ദ്രങ്ങളുടെ കരാര്‍ എടുത്തതും നടപ്പാക്കിയതും സംസ്ഥാന സര്‍ക്കാരിന്‍റെ ഇഷ്ട കമ്പനികളായ ഊരാളുങ്കലും പ്രസാഡിയോയുമായിരുന്നു. പരിപാലന ചുമതല ഏറ്റെടുക്കാന്‍ മറ്റു കമ്പനികളും തയാറാവാത്ത സാഹചര്യത്തില്‍ കമ്പി കുത്തിയുള്ള ലൈസന്‍സ് ടെസ്റ്റ് ഇവിടങ്ങളില്‍ തുടരും.
English Summary: SRIT quit from Automatic Vehicle Inspection Centers at Kannur and Kasaragod