അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി
Mail This Article
ധര്‍ചുല∙ അവധി നല്‍കാതിരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ധര്‍ചുല മാനേജരായ മുഹമ്മദ് ഒവൈസ് (55) ആണ് ആക്രമിക്കപ്പെട്ടത്. 30 ശതമാനം പൊള്ളലേറ്റ ഒവൈസിനെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടൻ ദീപക് ഛേത്രിയെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. രണ്ടു വര്‍ഷമായി ധര്‍ചുലയിലെ ശാഖയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ദീപക്. ശനിയാഴ്ച, അന്ന് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ദീപക് ബാങ്കിലെത്തി. മുഹമ്മദ് ഒവൈസിയുടെ കാബിനില്‍ ചെന്ന് അവധിയുടെ പേരില്‍ തര്‍ക്കമായി. പിന്നാലെ കയ്യില്‍ കരുതിയ പെട്രോള്‍ ഒവൈസിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ മറ്റു ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതും പൊലീസിനെ വിവരമറിയിച്ചതും. ഛേത്രിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
English Summary: Uttarakhand: Denied leave, guard sets bank manager on fire