ഉണർന്നതായി നടിക്കും, അനാസ്ഥ തുടരും; ബോട്ട് ദുരന്തങ്ങളിൽ അന്വേഷണം പ്രഹസനം
Mail This Article
തിരുവനന്തപുരം ∙ ദുരന്തങ്ങളുണ്ടാകുമ്പോൾ ഉണർന്നതായി നടിക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സർക്കാർ വകുപ്പുകളുടെ അനാസ്ഥയുടെ ഫലമാണ് മലപ്പുറം താനൂരിൽ 22 പേരുടെ ജീവനെടുത്തത്. ബോട്ടുകളിലെ സുരക്ഷ ശക്തമാക്കണമെന്ന് 13 വർഷം മുൻപുതന്നെ ജുഡീഷ്യൽ കമ്മിഷനുകളുടെ റിപ്പോർട്ടുണ്ടെങ്കിലും മിക്ക ശുപാർശകളും നടപ്പിലായില്ല. അപകടങ്ങളുണ്ടാക്കുന്ന കാരണങ്ങളെല്ലാം അതേപടി നിലനിൽക്കുന്നു. താനൂർ ബോട്ട് അപകടത്തെ തുടർന്നും പതിവുപോലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്‌ഥരുടെ വീഴ്‌ച മൂലമാണു 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തം ഉണ്ടായതെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച ജസ്‌റ്റിസ് ഇ.മൈതീൻകുഞ്ഞ് കമ്മിഷന്റെ കണ്ടെത്തൽ. 2009 സെപ്‌റ്റംബർ 30നായിരുന്നു നാടിനെ നടുക്കിയ തേക്കടി ദുരന്തം. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. തട്ടേക്കാട് ബോട്ട് ദുരന്തത്തിനു കാരണം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്‌ഥയാണെന്നായിരുന്നു ജസ്‌റ്റിസ് എം.എം.പരീത് പിള്ള കമ്മിഷന്റെ കണ്ടെത്തൽ. എളവൂർ സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 15 വിദ്യാർഥികളും മൂന്ന് അധ്യാപകരും 2007 ഫെബ്രുവരി 20നാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്.
∙ തേക്കടി ബോട്ട് ദുരന്തം
അമിതമായി ആളെ കയറ്റി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴാണ് 180 ഡിഗ്രിയിൽ ബോട്ട് മറിഞ്ഞതെന്ന് ജസ്‌റ്റിസ് ഇ.മൈതീൻകുഞ്ഞ് കമ്മിഷൻ കണ്ടെത്തി. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്‌ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും ശുപാർശ ചെയ്‌തു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽനിന്ന് നിലവാരവും സ്‌ഥിരതയുമില്ലാത്ത ബോട്ടാണ് സർക്കാർ വാങ്ങിയത്. അന്നത്തെ ടൂറിസം ഡയറക്‌ടർ എം.ശിവശങ്കർ, കെടിഡിസി മാനേജിങ് ഡയറക്‌ടർ കെ.ജി.മോഹൻലാൽ എന്നിവർ അടക്കമുള്ളവരെ കുറ്റക്കാരായി കണ്ടെത്തി.
ആവശ്യമായ പരിശോധന നടത്താതെയും സർട്ടിഫിക്കറ്റുകൾ വാങ്ങാതെയുമാണ് ബോട്ട് വാങ്ങിയത്. ബോട്ട് നിർമിക്കുമ്പോൾ നേവൽ ആർക്കിടെക്‌റ്റിനെ മേൽനോട്ടം വഹിക്കാൻ നിയമിക്കണമെന്ന വ്യവസ്‌ഥ കെടിഡിസി പാലിച്ചില്ല. കരാർ പ്രകാരമോ ഡിസൈൻ അനുസരിച്ചോ അല്ല ബോട്ട് നിർമിച്ചത്. നിർമാണത്തിനുശേഷം സ്‌റ്റെബിലിറ്റി പരിശോധന നടത്തിയില്ല. ഐആർഎസ് ക്ലാസ് സർട്ടിഫിക്കറ്റും പരിശോധനയ്‌ക്കു ശേഷമുള്ള മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങാതെ ബോട്ട് കൈപ്പറ്റി ഉദ്യോഗസ്‌ഥർ പണവും നൽകി.
അമിതഭാരമാണ് അപകടത്തിനു പ്രധാന കാരണം. 75 പേരെ കയറ്റേണ്ട ബോട്ടിൽ 97 പേരെ കയറ്റി. കൂടുതൽ പേരും മുകളിലത്തെ ഡെക്കിലായിരുന്നു. ആർക്കും ലൈഫ് ജാക്കറ്റ് നൽകിയില്ല. മുകളിൽ ആളുകൾ കൂടുതലായി ബാലൻസ് തെറ്റിയപ്പോൾ ബോട്ട് വെട്ടിത്തിരിച്ചു. അങ്ങനെയാണു ദുരന്തം ഉണ്ടായത്. ബോട്ട് ഓടിച്ച ഡ്രൈവർക്ക് മതിയായ പരിചയമില്ലായിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി. ഈ ബോട്ട് മുൻപ് 88 സർവീസ് നടത്തിയിട്ടുണ്ട്. പക്ഷേ, അന്നാദ്യമായാണ് അമിതഭാരം കയറ്റിയത്. മരക്കുറ്റിയിൽ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്ന വാദം അടിസ്‌ഥാനരഹിതമാണ്. ബോട്ട് യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
∙ തട്ടേക്കാട് ബോട്ടുദുരന്തം
ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സമഗ്ര നിയമനിർമാണം വേണമെന്ന് അപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്‌റ്റിസ് എം.എം.പരീത് പിള്ള കമ്മിഷൻ കണ്ടെത്തി. നിയമം കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്‌ഥർ ശുഷ്‌കാന്തി കാണിക്കണം. സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണം. സ്‌കൂൾ വിനോദയാത്രയ്‌ക്കു ബാധകമായ സർക്കാർ ഉത്തരവു കർശനമായി നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ബോട്ട് ലൈസൻസ് കാര്യത്തിൽ കർശന വ്യവസ്‌ഥകൾ ഏർപ്പെടുത്തി നിലവിലുള്ള രീതി പൊളിച്ചെഴുതണം. ബോട്ടുകളിൽ ജീവൻരക്ഷാ ഉപാധികൾ കരുതണം. യഥാകാലം അറ്റകുറ്റപ്പണി നിർബന്ധമാക്കുകയും ഉദ്യോഗസ്‌ഥർ അതുറപ്പാക്കുകയും വേണം. കാലപ്പഴക്കം ചെന്ന ബോട്ടുകൾക്ക് അനുമതി റദ്ദാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.
∙ കുമരകം ബോട്ടു ദുരന്തം
യാത്രക്കാരുടെ ബാഹുല്യവും ബോട്ടിന്റെ കാലപ്പഴക്കവുമാണ് 2002ൽ കുമരകം ബോട്ട് ദുരന്തത്തിനിടയാക്കിയതെന്നു ജസ്‌റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കി. നിശ്‌ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ ബോട്ട് ജീവനക്കാരുടെ നടപടിയേയും വിമർശിച്ചു. ബോട്ടുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതും പ്രശ്‌നമാണ്. കയറ്റാവുന്നതിന്റെ പലമടങ്ങ് ആളുകളെ കയറ്റിയ ബോട്ട് കായലിന്റെ അടിത്തട്ടിൽ തട്ടിയാണ് അപകടമുണ്ടായത്. കോട്ടയത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ വന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ജലഗതാഗതത്തിനു സുരക്ഷാ കമ്മിഷണറെ നിയമിക്കണമെന്ന ശുപാർശ നടപ്പിലായില്ല.
English Summary: Kerala Government had not took necessary steps to prevent boat tragedies after many Judicial Commission Report