ആര്‍ക്കും ലൈഫ് ജാക്കറ്റില്ല; പറശ്ശിനിക്കടവില്‍ അപകട ബോട്ടുയാത്ര – വിഡിയോ
Mail This Article
കണ്ണൂർ∙ 22 പേരുടെ ജീവൻ കവർന്ന താനുർ ബോട്ടപകടം നടന്ന് 12 മണിക്കൂർ പോലും കഴിയുന്നതിന് മുൻപ് ജലഗതാഗത വകുപ്പിന്‍റെ ഗുരുതര വീഴ്ച .കണ്ണൂരിലെ പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസിൽ ഒരാൾ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 65 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ 80ലധികം പേരെ കയറ്റിയായിരുന്നു യാത്ര.
മുക്കാൽ മണിക്കൂർ നീളുന്ന യാത്രയിൽ ബോട്ടിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ യാത്രക്കാരുണ്ടായിരുന്നു. ഒരാൾ പോലും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ബോട്ട് ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്താൻ യാത്രക്കാർക്ക് നിർദേശം നൽകിയില്ല. ബോട്ടിന്‍റെ താഴത്തെയും മുകളിലത്തെയും നിലകളിലായി 80ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബോട്ടുകളിൽ സുരക്ഷ കർശനമാക്കണമെന്ന ആവശ്യം ഉയരുമ്പോൾ അതിനോടു മുഖം തിരിക്കുന്ന ചില യാത്രക്കാരെയും കണ്ടു.
സ്വകാര്യ ബോട്ടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. കണ്ണൂരിൽ മാത്രം വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ് നൽകിയിട്ടുള്ളതിന്റെ ആറിരട്ടിയലധികം ബോട്ടുകളാണ്. പല ബോട്ടുകളിലും സുരക്ഷ സംവിധാനമില്ല. ലൈഫ് ജാക്കറ്റ് വേണം, സന്ധ്യ കഴിഞ്ഞാൽ കരയ്ക്കടിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല.
English Summary: Passengers not wear life jacket in boat service at Kannur