സന്ദീപിനെ 4.30ന് ആശുപത്രിയിൽ എത്തിച്ചു; 4.40ന് ഡോ. വന്ദനയെ കുത്തി: ആക്രമണം ഇങ്ങനെ
Mail This Article
കൊല്ലം∙ പുലര്‍ച്ചെ നാലരയ്ക്കാണ് നാടിനെ നടുക്കിയ അതിദാരുണ സംഭവത്തിന്റെ തുടക്കം. കാലിനു പരുക്കേറ്റ സന്ദീപ് എന്നയാളെ പൊലീസ് കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെത്തിക്കുന്നു. അവിടെ കാലിലെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ ബന്ധുവായ ബിനുവിനെ കണ്ട് സന്ദീപ് പ്രകോപിതനാകുന്നു. തുടര്‍ന്ന് സന്ദീപ് നടത്തിയ ആക്രമണം ഹൗസ് സര്‍ജനായ ഡോ. വന്ദനയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലരയ്ക്ക് കാലിന് പരുക്കേറ്റ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 4.35ന് ആശുപത്രിയിലെത്തിയ ബന്ധുവായ ബിനുവിനെ കണ്ട് പ്രതി പ്രകോപിതനായി. ബിനുവിനെ കത്രികകൊണ്ട് ആക്രമിച്ചു. രണ്ടുമിനിറ്റിനകം പൊലീസ് എത്തി. ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസിനെയും ഹോംഗാര്‍ഡിനെയും ആംബുലന്‍സ് ഡ്രൈവറെയും ഇയാൾ കുത്തിപ്പരുക്കേല്‍പിച്ചു. പുലര്‍ച്ചെ 4.39ന് ജീവനക്കാര്‍ മറ്റു മുറികളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുലര്‍ച്ചെ 4.40ന് ഡോക്ടര്‍ വന്ദന അക്രമിയുടെ മുന്നിൽ ഒറ്റപ്പെട്ടു. ഡോക്ടറെ ചവിട്ടിവീഴ്ത്തിയ സന്ദീപ് കത്രികകൊണ്ട് പലവട്ടം കുത്തി.
5 മണിക്ക് ഡോക്ടര്‍ വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ വന്ദനയെ രാവിലെ ഏഴരയോടെ തിരുവനന്തപുരം കിംസ് ആശുപ്ത്രിയിലേക്ക് മാറ്റി. രാവിലെ 8.25ന് രോഗികളെ പരിശോധിക്കേണ്ട ആ കൈകളും കരുണയോടെ കാണേണ്ട ആ കണ്ണുകളും ഹൃദയവും നിശ്ചലമായി.
Content Highlights: Timeline of events, Dr. Vandana Murder