ആര്യൻ ഖാൻ കേസ്: സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടത് 25 കോടി; നല്‍കിയത് 50 ലക്ഷം
Mail This Article
മുംബൈ ∙ ഷാറുഖ് ഖാന്റെ മകന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ എൻസിബി മുംബൈ സോൺ മുൻ മേധാവി സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടത് 25 കോടിയെന്ന് വിവരം. 50 ലക്ഷം രൂപ നല്‍കിയെന്ന് സിബിഐയ്ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എന്‍സിബി ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ കേസെടുത്തത്. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്.
വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സർവീസിൽ നിന്നും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു. 2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. കേസ് ഒതുക്കി തീർക്കാൻ സമീറും രണ്ട് ഉദ്യോഗസ്ഥരും ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സാക്ഷിയും ചേർന്നാണ് പണം ആവശ്യപ്പെട്ടത്.
ലഹരിക്കേസിൽ നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. ആര്യൻ ഖാൻ കേസ് നടക്കുന്ന സമയത്ത് സമീർ വാങ്കഡെയെയും സ്ഥലം മാറ്റിയിരുന്നു.
English Summary: Sameer Wankhede demanding Rs 25 crore from Shah Rukh Khan in Aryan Khan case