‘വന്ദനയെ കൊന്നത് ബോധപൂർവം; പ്രതി ജയിലിൽ കിടന്ന് തിന്നുകൊഴുത്തിട്ടാകരുത് ശിക്ഷാവിധി’
Mail This Article
കൊല്ലം∙ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവുമായി സഹപ്രവർത്തകർ രംഗത്ത്. പ്രതി 10 വർഷം ജയിലിൽ കിടന്ന് തിന്നുകൊഴുത്തിട്ടാകരുത് ഈ കേസിൽ വിധി വരുന്നതെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിക്ക് സുഖമായും സുരക്ഷിതമായും കഴിയാനുള്ള കാലയളവായി വിചാരണക്കാലം മാറരുത്. പ്രതി ബോധമില്ലാതെയാണ് ഇങ്ങനയൊരു കൃത്യം നടത്തിയതെന്ന പ്രചാരണം കേരളത്തിലുടനീളമുണ്ട്. അത് ശരിയല്ലെന്ന് ഉദാഹരണ സഹിതം വന്ദനയുടെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി.
കുത്തേറ്റു വീണ ഡോ.വന്ദനയുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം കൊട്ടാരക്കര ആശുപത്രിൽ ഉണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു. കുത്തേറ്റു വീണ വന്ദനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടി വന്നു. ഒരു അക്രമിയെ കീഴ്പ്പെടുത്താൻ പോലും പൊലീസിന് സാധിച്ചില്ല. സ്വന്തം ജീവൻ രക്ഷിക്കാൻ ഓടേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. പ്രതി ബോധപൂർവമാണ് കൊല നടത്തിയതെന്ന് വന്ദനയുടെ സഹപ്രവർത്തകർ ആരോപിച്ചു. മാനസികനില തെറ്റിയ അവസ്ഥയിലുള്ള ഒരാൾ കത്രിക ഒളിപ്പിക്കാൻ ശ്രമിക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. കുത്തിയശേഷം കത്രിക കഴുകി എടുത്ത സ്ഥലത്തു തിരികെ വച്ചത് ബോധമുള്ളതുകൊണ്ടാണെന്നും അവർ പറഞ്ഞു.
‘‘ബോധത്തോടെയല്ല പ്രതി ഇതെല്ലാം ചെയ്തതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ബോധത്തോടെയല്ലെങ്കിൽ കത്രിക എന്തിനാണ് അയാൾ കയ്യിൽ ഒളിച്ചുപിടിച്ചത്? അയാൾ കത്രികയെടുത്ത് മുഷ്ടി ചുരുട്ടി അതിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമിക്കുന്ന സമയത്തു പോലും ആരും ഇത് കണ്ടിട്ടില്ല. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഉപകരണമാണ്. ഇതുപയോഗിച്ച് കുത്തിയാൽ വളരെ ആഴത്തിലാണ് മുറിവേൽക്കുക. മാത്രമല്ല, അതിനു ശേഷം രക്തക്കറ മായിക്കുന്നതിനായി അത് കഴുകി എടുത്ത സ്ഥലത്തു തന്നെ വയ്ക്കുകയും ചെയ്തു. ഇതെല്ലാം ബോധമില്ലാത്ത ഒരാൾ ചെയ്യുന്ന കാര്യങ്ങളാണോ?’
‘‘എത്രയൊക്കെ പറഞ്ഞാലും നഷ്ടം വന്ദനയുടെ മാതാപിതാക്കൾക്കു മാത്രമാണ്. നമ്മൾ അവിടെ പോയി രണ്ടിറ്റ് കണ്ണീർ വീഴ്ത്തിയതുകൊണ്ടോ ബാഷ്പാഞ്ജലി അർപ്പിച്ചതുകൊണ്ടോ പൂക്കൾ വിതറിയതുകൊണ്ടോ കാര്യമില്ല. ഡോക്ടർമാരെല്ലാം സമരം പിൻവലിച്ച് ഡ്യൂട്ടിക്കു കയറാൻ തുടങ്ങുകയാണ്. പക്ഷേ, ഞങ്ങൾക്കിടയിൽ കണ്ണീരുണങ്ങുന്നില്ല. അന്ന് ഞങ്ങളിലൊരാളുടെ പേരാണ് ഡ്യൂട്ടി ലിസ്റ്റിലുണ്ടായിരുന്നതെങ്കിൽ അവിടെ വന്ദനയ്ക്കു പകരം ഉണ്ടാകേണ്ടിയിരുന്നത് ഞങ്ങളാണ്.’
‘‘ഈ കേസിൽ കാലാകാലങ്ങൾ നീളുന്ന വിചാരണാ നടപടികൾ വേണ്ട. ഫാസ്റ്റ്ട്രാക്ക് കോടതിയിൽ തന്നെ കേസ് പരിഗണിക്കണം. ഏറ്റവും വേഗം കേസിൽ വിധി വരണം. വർഷങ്ങൾ നീളുന്ന വിചാരണയും വീണ്ടുവിചാരവും പാടില്ല. ദ്രുതഗതിയിൽത്തന്നെ ഇതിനൊരു തീരുമാനമുണ്ടാകണം. നടപടികൾ തീരുന്നതുവരെ 10 വർഷം ജയിലിൽ കിടന്ന് അയാൾ തിന്നുകൊഴുത്തതിനു ശേഷമാകരുത് വിധി വരേണ്ടത്. അയാൾക്ക് സുഖമായി ജീവിക്കാനുള്ള ഒരു സുരക്ഷിത കാലമാകരുത് വിചാരണക്കാലം. നാളെ ഒരു ഡോക്ടർ ആക്രമിക്കപ്പെട്ടാലും ഇതായിരിക്കണം അവസ്ഥയെന്ന് മുന്നറിയിപ്പു നൽകുന്ന മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.’
‘‘സിനിമകളിൽ കാണുന്നതുപോലെ പൊലീസുകാർ 100 പേരെ ഒന്നിച്ച് ഇടിച്ചിടുന്ന സൂപ്പർ ഹീറോ ആകണമെന്നല്ല ഞങ്ങൾ പറയുന്നത്. തോക്കെടുത്ത് വെടിവയ്ക്കണമെന്നും പറയുന്നില്ല. അയാളെ കീഴ്പ്പെടുത്തിയാണ് കൊണ്ടുവന്നിരുന്നതെങ്കിൽ, വിലങ്ങ് ഇട്ടിരുന്നെങ്കിൽ അയാൾക്ക് ആക്രമിക്കാനാകില്ലായിരുന്നു. അത്രയും പേർ അവിടെയുണ്ടായിട്ടും അക്രമിയിൽനിന്ന് വന്ദനയെ രക്ഷിച്ചത് ഞങ്ങൾക്കൊപ്പമുള്ള ഡോക്ടർ ഷിബിനാണ്. ഇത്തരം പിഴവുകൾ തിരുത്താനുള്ള നടപടിൾ വേണം’ – വന്ദനയുടെ സഹപ്രവർത്തകർ ആവശ്യപ്പെട്ടു.
English Summary: Doctor Vandana Murder Case - Follow Up