സിപിഎമ്മിൽ അംഗത്വമെടുത്ത് മന്ത്രി അബ്ദുറഹിമാൻ; തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തും
Mail This Article
മലപ്പുറം∙ താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം.
കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട് നാഷനൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ ലേബലിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.
കെഎസ്‌യുവിലൂടെയാണ് തിരൂർ പൂക്കയിൽ സ്വദേശിയായ അബ്‌ദുറഹിമാൻ രാഷ്‌ട്രീയത്തിലെത്തുന്നത്. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു. കെപിസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ നഗരസഭാ ഉപാധ്യക്ഷനായി അഞ്ചു വർഷമുണ്ടായിരുന്നു. അഞ്ചു വർഷം നഗരസഭാ സ്‌ഥിരസമിതി അധ്യക്ഷനുമായി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനെയാണ് അബ്ദുറഹിമാൻ തോൽപ്പിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.അബ്ദുറഹിമാന് കിട്ടിയ ഭൂരിപക്ഷം 4918 വോട്ടായിരുന്നു. 2021ൽ ഇത് 985 ആയി കുറഞ്ഞെങ്കിലും അബ്ദുറഹിമാൻ തന്നെ വിജയിയായി.
English Summary: Minister V Abdurahiman Joins CPM