ജെഡിഎസ്സുമായി ചർച്ച നടത്തിയിട്ടില്ല, വമ്പിച്ച ഭൂരിപക്ഷത്തോടെ ജയം ഉറപ്പ്: ഖർഗെ
Mail This Article
ന്യൂഡൽഹി ∙ കർണാടക തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സീറ്റുകളുടെ കാര്യത്തിൽ ശനിയാഴ്ച പൂർണചിത്രം ലഭിക്കുമെന്നും അതനുസരിച്ചായിരിക്കും തങ്ങളുടെ നീക്കമെന്നും ഖർഗെ വ്യക്തമാക്കി. സഖ്യം ചേരാനായി ജെഡിഎസിനെ സമീപിച്ചെന്ന വാർത്ത ഖർഗെ നിഷേധിച്ചു.
ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ‘ഓപറേഷൻ ലോട്ടസ്’ ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ലെന്ന് ഖര്‍ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖര്‍ഗെ അറിയിച്ചു.
അതേസമയം, കർണാടകയിൽ തൂക്കു സഭ ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഇതിനുപിന്നാലെ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും നീക്കം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇരുപാർട്ടികളും സമീപിച്ചതായും ആരുമായി സഖ്യം ചേരണമെന്ന് തീരുമാനിച്ചെന്നും ശരിയായ സമയത്ത് പൊതുജനങ്ങളെ അറിയിക്കുമെന്നും ജെഡിഎസ് മുതിർന്ന നേതാവ് തൻവീർ അഹമ്മദ് ദേശീയമാധ്യമത്തോടു പ്രതികരിച്ചു.
English Summary: "Will Win Thumping Majority": Congress Chief Denies Reaching Out To JDS