ഡൽഹി യാത്ര റദ്ദാക്കി ഡി.കെ.ശിവകുമാർ; തീരുമാനം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്
Mail This Article
ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം.
കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ഡൽഹിയിലേക്ക് േപാകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റി ഉടൻ തന്നെ പോകുമെന്ന് അറിയിച്ചു. തുടർന്നാണ് വയറിന് സുഖമില്ലാത്തതിനാൽ പോകുന്നില്ലെന്ന് അറിയിച്ചത്.
അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡി.കെ.ശിവകുമാർ, ഒപ്പമുള്ള എംഎൽഎമാർ വിട്ടുപോയപ്പോഴും താൻ തളർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചു. ശിവകുമാറിന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി അനുയായികൾ തടിച്ചുകൂടി. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ലെന്ന് ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ട്. എല്ലാവർക്കും ആഗ്രഹങ്ങളുണ്ടാകാം. എന്നാൽ, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ചർച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഡൽഹിയിലെത്തി. സർവജ്ഞ നഗറിൽനിന്ന് ജയിച്ച മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ 6 എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ ഇന്നു രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.
English Summary: DK Sivakumar and Siddaramaiah in Delhi