രേഖകളില്ല; ആലപ്പുഴയില്‍ മൂന്ന് ഹൗസ്ബോട്ടുകള്‍ പിടിച്ചെടുത്തു
Mail This Article
ആലപ്പുഴ∙ ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹൗസ്ബോട്ടുകള്‍ പിടിച്ചെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങളോ രേഖകളോ ഇല്ലാത്ത ഹൗസ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഒന്‍പത് ഹൗസ്ബോട്ടുകള്‍ പരിശോധിച്ചതില്‍ രേഖകള്‍ എല്ലാമുള്ളത് ഒരെണ്ണത്തിനുമാത്രമാണ്. അഞ്ചെണ്ണത്തിനു പിഴ ചുമത്തി. 1,10,000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. രേഖകൾ എല്ലാമില്ലാത്ത ബോട്ടുകൾക്ക് പോർട്ട് ഓഫിസിലെത്തി വിശദീകരണം നൽകാൻ നോട്ടിസ് നൽകി.
താനൂർ ബോട്ട് അപകടത്തിനു ശേഷം ആലപ്പുഴയിൽ ഇത് അഞ്ചാം ദിനമാണ് ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തുന്നത്. പിടിച്ചെടുത്ത ബോട്ടുകൾ യാർഡിലേക്കു മാറ്റിയിട്ടുണ്ട്. പോർട്ട് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും രണ്ടു സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയത്. പള്ളാത്തുരത്തി കേന്ദ്രീകരിച്ചയായിരുന്നു ഇന്നത്തെ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ പുന്നമട, കൈനകരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 55 ഓളം ബോട്ടുകളാണ് പരിശോധിച്ചത്. ഇതിൽ 40 ഓളം ബോട്ടുകൾക്ക് സർവീസ് നടത്തുന്നതിന് ആവശ്യമായ രേഖകളില്ലായിരുന്നു. സുരക്ഷാ സൗകര്യങ്ങളും പലതിലും ഉണ്ടായിരുന്നില്ല. പോർട്ട് ഓഫീസിലെത്തി വിശദീകരണം നൽകുന്നതിന് ഈ ബോട്ടുകൾക്ക് നോട്ടിസ് നൽകി. എത്രയും വേഗം രേഖകളും സുരക്ഷാ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ഇനിയും നിയമലംഘനം കണ്ടെത്തിയാൽ ബോട്ടുകൾ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
English Summary: No records; Three houseboats seized in Alappuzha