മുഖ്യമന്ത്രി പദം കിട്ടിയേ തീരൂ, വീതംവയ്പ് എങ്കിൽ ആദ്യ ടേം: ഇടഞ്ഞ് ഡികെ, മടങ്ങാതെ സിദ്ധരാമയ്യ
Mail This Article
ന്യൂഡൽഹി∙ കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡികെ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി.
വീതംവയ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാർ ഉന്നയിച്ചു. സോണിയ ഗാന്ധിയും ഓൺലൈനായി ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം. സിദ്ധരാമയ്യ ഇന്നു വൈകിട്ട് ബെംഗളൂരുവിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും യാത്ര റദ്ദാക്കി. അന്തിമതീരുമാനം വരുന്നതുവരെ നേതാക്കൾ ഡൽഹിയിൽ തുടരും.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മാണം നിര്‍ത്തിവച്ചു. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സുര്‍ജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്. അതേസമയം, സിദ്ധരാമയ്യയെ അനുകൂലിക്കുന്നവര്‍ ബെംഗളൂരുവില്‍ ആഘോഷം തുടങ്ങി.
English Summary: DK Shivakumar in Karnataka CM Race