‘പ്രത്യാഘാതങ്ങളുണ്ടാകും’; ഉപമുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി പരമേശ്വര
Mail This Article
ബെംഗളുരു∙ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ഒരുവിധം കോൺഗ്രസ് പരിഹരിച്ചെങ്കിലും മറ്റു സ്ഥാനങ്ങളിലേക്കുള്ള തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദലിത് സമുദായത്തിനും പരിഗണന നൽകണമെന്നും, അല്ലെങ്കിൽ തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുതിർന്ന നേതാവ് ജി.പരമേശ്വര രംഗത്തെത്തി. ദലിത് സമുദായത്തിൽ നിന്നുള്ള നേതാവാണ് ജി.പരമേശ്വര.
'കോൺഗ്രസില്‍ ദലിത് സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ട്. ഇത് മനസ്സിലാക്കി ഹൈക്കമാൻഡ് തീരുമാനമെടുക്കണം. അതിന് തയാറായിലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് തിരിച്ചടികൾ ഉണ്ടാകുമ്പോൾ മനസ്സിലാകുന്നതിനേക്കാൾ, ഇപ്പോൾ പരിഹരിക്കുന്നതാണ് നല്ലത്. ഒരു ഉപമുഖ്യമന്ത്രിയെന്ന നിബന്ധന ശിവകുമാർ ഹൈക്കമാൻഡിന് മുൻപാകെ വച്ചെങ്കിൽ, ഒരുപക്ഷേ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിൽ അത് ശരിയായിരിക്കും. എന്നാൽ ഹൈക്കമാൻഡിന്റെ കാഴ്ചപ്പാട് അതിൽനിന്ന് വ്യത്യാസപ്പെടണമായിരുന്നു'–ജി.പരമേശ്വര പറഞ്ഞു.
ഡി.കെ.ശിവകുമാറിനെ മാത്രം ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരമേശ്വരയുടെ പരാമർശം. 2018–ലെ കോൺഗ്രസ് –ജെഡിഎസ് സഖ്യസർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര. കർണാടക പിസിസി അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലം പരമേശ്വരയാണ് ചുമതല വഹിച്ചത്.
English Summary: G Parameshwara cautioned the Congress central leadership about Deputy Cheif Minister post