സോണിയയ്ക്ക് കൊടുത്ത വാക്കുപാലിച്ചു, സോണിയയുടെ വാക്കും കേട്ടു; ‘കസേരകളി’ വിട്ടുകൊടുത്ത് ഡികെ!
Mail This Article
സോണിയ ഗാന്ധിക്ക് നൽകിയ വാക്കു പാലിച്ച് കർണാടകയിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ച ഡി.കെ.ശിവകുമാർ ഒടുവിൽ സോണിയയുടെ വാക്കുകൾക്കും ചെവി കൊടുത്തു. ഇതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഹൈക്കമാന്‍ഡ്. പാർട്ടിയുടെ വിജയത്തിനായി കഠിനപ്രയ്‌തനം ചെയ്തിന് തനിക്ക് അവകാശപ്പെട്ടതെന്ന് ഡികെ തുറന്നുപറഞ്ഞ മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം സമ്മതംമൂളി. കർണാടകയിൽ വൻ വിജയത്തിനു പിന്നാലെ ഒരു ‘കസേരകളി’ ഹൈക്കമാൻഡ് പ്രതീക്ഷിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായി ഡി.കെ.ശിവകുമാർ കടുത്ത നിലപാടെടുത്തത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളുകയായിരുന്നു. പൂർണ ടേം അനുവദിക്കുക, അല്ലെങ്കിൽ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ താൻ മന്ത്രിസഭയിലേക്കില്ലെന്നും തീർത്തുപറഞ്ഞു. സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശിവകുമാർ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്:
> 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. തന്റെ സഹോദരൻ ഡി.കെ. സുരേഷ് അന്നു ജയിച്ചത് സ്വന്തം പ്രതിഛായയുടെ ബലത്തിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാൻ തനിക്കു കീഴിൽ പുതിയ നിര നേതൃത്വം ഏറ്റെടുക്കണം. തന്നെ മുഖ്യമന്ത്രിയാക്കിയാൽ 20 സീറ്റ് നേടിയെടുക്കാം.
> കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിക്കാനാവില്ല. സ്ഥാനാർഥികൾ മത്സരിച്ച് എംഎൽഎമാരായത് കോൺഗ്രസ് ടിക്കറ്റിലാണ്; സിദ്ധരാമയ്യയുടെ ടിക്കറ്റിലല്ല. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പല എംഎൽഎമാരെയും സിദ്ധരാമയ്യ ഒപ്പം കൂട്ടുകയാണ്
എന്നാൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡി.കെ.ശിവകുമാർ അനുനയപ്പെട്ടത്. സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാർ പിന്നീട് വഴങ്ങുകയായിരുന്നു. ആഭ്യന്തരം ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ ശിവകുമാറിനു നൽകാമെന്നും ഹൈക്കമാൻഡ് ഉറപ്പുനൽകുകയും ചെയ്തു. രാജസ്ഥാനിൽ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ അനുസരിച്ചിട്ടുള്ള ഡി.കെ.ശിവകുമാർ, അങ്ങനെ പാർട്ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.
∙ ദേവെഗൗഡയെ തോൽപിച്ച് തുടക്കം
27–ാം വയസ്സിൽ സാക്ഷാൽ എച്ച്.ഡി. ദേവെഗൗഡയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയതോടെയാണ് ഡികെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 1989 ൽ ബെംഗളൂരു ഗ്രാമ ജില്ലയിലെ സാത്തന്നൂരിൽ നിന്നായിരുന്നു ഈ ഐതിഹാസിക വിജയം. 1999 നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി.കുമാരസ്വാമിയെയും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അനിതാ കുമാരസ്വാമിയെയും സാത്തന്നൂരിൽത്തന്നെ പരാജയപ്പെടുത്തി. 2018ൽ ദളിന്റെ പി.ജി.ആർ. സിന്ധ്യയെ തോൽപിച്ച് കനക്പുരയിൽനിന്ന് എംഎൽഎയായി. ഇത്തവണ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ആർ.അശോകയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക്.
1991ൽ എസ്. ബംഗാരപ്പയെ മുഖ്യമന്ത്രിയാകാൻ പിന്തുണച്ചതിനാണ് ഡികെയ്ക്ക് ആദ്യമായി മന്ത്രിസ്ഥാനം ലഭിക്കുന്നത്. പിന്നീടിങ്ങോട്ട് എസ്.എം. കൃഷ്ണ, സിദ്ധരാമയ്യ, കുമാരസ്വാമി സർക്കാരുകളിൽ ഊർജം, ജലവിഭവം, നഗരവികസനം, ആഭ്യന്തരം, മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങി കൈകാര്യം ചെയ്തത് ഒട്ടേറെ വകുപ്പുകൾ. ഇക്കാലയളവിൽ ദേശീയ രാഷ്ട്രീയം ശ്രദ്ധിച്ച ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായും ഡികെ കരുത്തുകാട്ടി.
∙ ‘ഓപ്പറേഷൻ താമര’യുടെ തണ്ടൊടിച്ച കരുത്തന്‍
കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായി സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡി.കെ.ശിവകുമാർ ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലും താരമാണ്. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങൾക്കെതിരെ ഹൈക്കമാൻഡ് സ്ഥിരമായി മുന്നിൽ നിർത്താറുള്ള നേതാവാണ് ഡികെ. രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന സാക്ഷാൽ അഹമ്മദ് പട്ടേലിന്റെ വിയോഗം കോൺഗ്രസിൽ സൃഷ്ടിച്ച അഭാവം നികത്താൻ പ്രാപ്തിയുള്ള നേതാവായി ഡികെയെ കാണുന്നവർ ദേശീയ രാഷ്ട്രീയത്തിലുണ്ട്.
‘ഓപ്പറേഷൻ താമര’ എന്ന പ്രയോഗം ഇത്ര ജനകീയമായിട്ട് അധിക കാലമായിട്ടില്ലെങ്കിലും, കോൺഗ്രസ് സർക്കാരുകളുടെ രക്ഷകനായുള്ള ഡികെയുടെ അവതാരത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2002ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ രക്ഷിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കർണാടകയിൽ പാർപ്പിച്ചതിൽ തുടങ്ങുന്നു കോൺഗ്രസിനായുള്ള ഡികെയുടെ രക്ഷാപ്രവർത്തനം.
2017 ഓഗസ്റ്റിൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബിജെപി ശ്രമിച്ചപ്പോൾ ശിവകുമാറിനെ ഇറക്കിയാണ് പാർട്ടി ഇതു തടഞ്ഞത്. ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചായിരുന്നു ഇത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യധാരണയിലൂടെ അധികാരത്തിലേറിയ കോൺഗ്രസ്- ദൾ സർക്കാരിനെ ഒന്നര വർഷത്തിലേറെ പിടിച്ചു നിർത്തിയതു ശിവകുമാറിന്റെ കരുനീക്കങ്ങളാണ്. പലപ്പോഴും ഓപ്പറേഷൻ താമരയിലൂടെ അധികാരം പിടിച്ചെടുക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ശിവകുമാർ മുന്നിൽനിന്നു വെട്ടിനിരത്തി.
∙ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളി, ഏജൻസികളുടെയും
കോൺഗ്രസിനെ രക്ഷിക്കാനായി നടത്തിയ ഇടപെടലുകൾ ഡികെയ്‌ക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. വർഷങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്ഥിരം വേട്ടമൃഗമാണ് കർണാടക രാഷ്ട്രീയത്തിലെ ഈ അതിധനികൻ. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെളിപ്പെടുത്തിയ ആസ്തി 840 കോടി രൂപയായിരുന്നു.
2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബിജെപി നടത്തിയ നീക്കം പൊളിച്ചതിനു പിന്നാലെ, ശിവകുമാറിനെതിരെ കേന്ദ്ര പകപോക്കലെന്ന നിലയിൽ ആദായനികുതി വകുപ്പ് റെയ്ഡുകളുടെ പരമ്പര തന്നെ അരങ്ങേറി. ആദായനികുതി റെയ്ഡുകളുടെ പ്രളയമുണ്ടായപ്പോഴും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സമ്മർദം ചെലുത്തിയപ്പോഴും കോൺഗ്രസിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം.
∙ കോൺഗ്രസിന്റെ ‘ഒറ്റയാൻ’
കോൺഗ്രസ് – ജെഡിഎസ് സഖ്യ സർക്കാർ വീണതിനു പിന്നാലെ 2020ൽ ഡികെ പിസിസി അധ്യക്ഷനാകുമ്പോൾ കർണാടക കോൺഗ്രസിന്റെ പ്രതീക്ഷ വാനോളമായിരുന്നു. ആഭ്യന്തര കലഹം രൂക്ഷമായ പാർട്ടിയിൽ ജനപ്രീതിയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മിടുക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സ്വീകാര്യതയുമായിരുന്നു ഡികെയുടെ പ്ലസ് പോയിന്റുകൾ. സംസ്ഥാനത്തെ അധികാരം തിരിച്ചുപിടിക്കുക തന്നെയായിരുന്നു അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ആ വെല്ലുവിളിയാണ് അദ്ദേഹം വിജയകരമായി അതിജീവിച്ചത്.
കഴിഞ്ഞ മൂന്നു വർഷമായി ഉറങ്ങിയിട്ടില്ല എന്നു തുറന്നുപറഞ്ഞാണ് ഡികെ കോൺഗ്രസ് വിജയത്തിൽ പ്രതികരണം അറിയിച്ചത്. ‘‘സോണിയാ ഗാന്ധി ജയിലില്‍ എന്നെ കാണാന്‍ വന്നത് ഒരിക്കലും മറക്കാനാവില്ല. കര്‍ണാടക കൈവെള്ളയില്‍ വച്ചു കൊടുക്കുമെന്ന് സോണിയാ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഖർഗെയ്ക്കും ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. കോണ്‍ഗ്രസ് ഓഫിസ് ഞങ്ങളുടെ അമ്പലമാണ്. അടുത്ത നടപടിയെന്തെന്ന് അവിടെവച്ച് തീരുമാനിക്കും’’ – വിജയത്തിനു പിന്നാലെ ഡികെയുടെ വാക്കുകൾ. കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ എംഎ നേടിയിട്ടുണ്ട് ഇദ്ദേഹം.
∙ പ്രായോഗിക ബുദ്ധിയിൽ ഒന്നാമൻ
വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ഡികെയെ എക്കാലവും മുന്നോട്ടു നയിച്ചിട്ടുള്ളത് പ്രായോഗിക ബുദ്ധി തന്നെയാണ്. ദേവെഗൗഡ കുടുംബവുമായി നിരന്തരം പോരടിച്ചിരുന്ന വ്യക്തിയാണ് ഡികെ. എന്നാൽ 2018ൽ ഈ രാഷ്ട്രീയ വിരോധം മറന്ന് കോൺഗ്രസ്- ദൾ സഖ്യസർക്കാർ രൂപീകരണത്തിന് മുൻകയ്യെടുക്കാനുള്ള രാഷ്ട്രീയ പ്രായോഗിക ബുദ്ധി ഡികെ പ്രകടമാക്കി.
‘കനക്പുര റിപ്പബ്ലിക്’ എന്നു ശിവകുമാറിന്റെ മണ്ഡലത്തെ കുമാരസ്വാമി ആക്ഷേപിച്ചിരുന്നതുൾപ്പെടെ ഭരണം നേടാനായി ഡികെ ‘മറന്നു’. സ്വദേശമായ കനക്പുരയിൽ നിയമങ്ങളെല്ലാം ലംഘിച്ചു ശിവകുമാറിന്റെ രാജവാഴ്ചയാണെന്നും അതു ‘കനക്പുര റിപ്പബ്ലിക്’ ആണെന്നുമായിരുന്നു കുമാരസ്വാമിയുടെ പരിഹാസം. അത്രയ്ക്കായിരുന്നു ഇരുവരും തമ്മിലുള്ള ശത്രുത. പിന്നീട് അതേ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള നിയോഗം ചുമലിലേറ്റിയതും ഡികെ തന്നെ.
∙ ചാക്കിടൽ തടയൽ മാത്രമല്ല, ചാക്കിട്ടു പിടിക്കും
‘ഓപ്പറേഷൻ താമര’യെന്ന ഓമനപ്പേരിൽ ബിജെപി നടത്തുന്ന ചാക്കിട്ടു പിടിത്തത്തെ ചെറുത്തുനിൽക്കുന്നതിൽ മാത്രമല്ല, എതിർ പാളയത്തിൽനിന്ന് അസംതൃപ്തരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുന്നതിലും ഡികെയുടെ മികവു കണ്ട തിരഞ്ഞെടുപ്പാണിത്. ബിജെപിയിൽനിന്നും ജെഡിഎസിൽ നിന്നും ഇത്തവണ കോൺഗ്രസിലേക്കുണ്ടായ നേതാക്കളുടെ ഒഴുക്കിന്, ഡികെയുടെ വ്യക്തിപ്രഭാവവും ഒരു പരിധി വരെ കാരണമാണ്.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സാവദി തുടങ്ങിയ ബിജെപി നേതാക്കൾ കോൺഗ്രസിലേക്കു വന്നതിൽ ഡികെയിലുള്ള വിശ്വാസവും ഒരു ഘടകമായെന്ന് തീർച്ച. ബിജെപി വിട്ടെത്തിയ മിക്ക നേതാക്കളെയും ഡികെ നേരിട്ടെത്തിയാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. സീറ്റു മോഹികളായ നേതാക്കളുടെ ഒഴുക്കു വർധിച്ചതോടെ, ഇനി വരുന്നവർക്ക് സീറ്റില്ലെന്ന് പറയാനുള്ള തന്റേടവും ഡികെ കാട്ടി.
ജെഡിഎസിൽനിന്ന് ഒരുപിടി നേതാക്കളെ അടർത്തിയെടുത്തതിലും ഡികെ ടച്ചുണ്ട്. കനകപുരയില്‍ കഴിഞ്ഞ തവണ തനിക്കെതിരെ മത്സരിച്ച ജെഡിഎസ് നേതാവ് നാരായണ ഗൗഡ ഉൾപ്പെടെ ഇത്തവണ കോൺഗ്രസ് പാളയത്തിലായിരുന്നു. ഗൗഡയ്‌ക്കൊപ്പം ജെഡിഎസ് നേതാവായ പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസിനൊപ്പം ചേർന്നു. സീറ്റ് നിഷേധിച്ച ജെഡിഎസ് നടപടിയിലുണ്ടായ ഗൗഡയുടെ അതൃപ്തിയാണ് ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുതലെടുത്തത്.
English Summary: Behind DK Shivakumar Accepting No. 2 Spot, Sonia Gandhi's Big Role