ADVERTISEMENT

കോട്ടയം∙ മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിനു പിന്നിൽ ഭർത്താവെന്ന് സംശയം. കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയാണ് മരിച്ച കാത്തിരത്തുംമൂട്ടിൽ ജൂബി (26). ഇതിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു ജൂബി. ഭർത്താവാണ് അക്രമം നടത്തിയതെന്ന് ജൂബിയുടെ പിതാവ് പൊലീസിനു മൊഴി നൽകി. രാവിലെ വീട്ടിലെത്തി ആക്രമണം നടത്തിയശേഷം ഇയാൾ രക്ഷപ്പെട്ടെന്നാണ് പരാതി.

വീട്ടുമുറ്റത്ത് രക്തംവാർന്ന് കിടക്കുന്ന ജൂബിയെ ആദ്യം കണ്ടത് പിഞ്ചുമക്കളാണ്. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി  പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നാല് പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ‍ആയിരക്കണക്കിന് ദമ്പതിമാർ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാൽ പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അംഗങ്ങളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവരടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്.

English Summary: Kottayam Manarcad Murder: Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com