രാഷ്ട്രപതി പാർലമെന്റിൽ അംഗമല്ലെന്ന് കേന്ദ്രമന്ത്രി; ഭരണഘടന വായിക്കണമെന്ന് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന പ്രതിപക്ഷ ആവശ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. പ്രത്യേകിച്ച് ഒന്നുമില്ലാത്തപ്പോൾ വിവാദം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘രാഷ്ട്രത്തിന്റെ തലവനാണ് രാഷ്ട്രപതി. പ്രധാനമന്ത്രിയാണ് സർക്കാരിന്റെ തലവനും പാർലമെന്റിനെ നയിക്കുന്നതും. രാഷ്ട്രപതി പാർലമെന്റിലെ സഭകളിൽ അംഗമല്ല’’.–ഹർദീപ് ട്വിറ്ററിൽ കുറിച്ചു.
‘‘രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചവരാണ് കോൺഗ്രസ്. പാർലമെന്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണ്. പാർലമെന്റ് അനക്സ് ഉദ്ഘാടനം ചെയ്തത് ഇന്ദിരാ ഗാന്ധിയാണ്. കോൺഗ്രസിന് ദേശീയവികാരമോ രാജ്യപുരോഗതിയിൽ അഭിമാനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹർദീപിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ഭരണഘടനയിലെ ആർട്ടിക്കിൾ 79 വായിക്കണമെന്ന് അദ്ദേഹം ഹർദീപ് സിങ് പുരിയോട് ആവശ്യപ്പെട്ടു. ഇരുസഭകളിലും രാഷ്ട്രപതികൂടി ഉൾപ്പെടുന്ന പാർലമെന്റാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. ആർട്ടിക്കിൾ 60,111 എന്നിവയിലും രാഷ്ട്രപതിയാണ് പാർലമെന്റിന്റെ തലവൻ എന്ന് കൃത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
English Summary: President not member': BJP's defence vs Opposition's jibe on new Parliament building