ADVERTISEMENT

ഡബ്ലിൻ ∙ പ്രശസ്ത ഐറിഷ് ചലച്ചിത്ര താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. എസ്.എസ്.രാജമൗലിയുടെ ആർആർആർ എന്ന സൂപ്പർഹിറ്റ് സിനിമയിൽ വില്ലനായ ബ്രിട്ടിഷ് ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ചും കയ്യടി നേടിയ നടനാണ്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സായ ‘തോറിൽ’ വോൾസ്റ്റാഗായി വേഷമിട്ടാണു റേ സ്റ്റീവൻസൺ ആഗോള പ്രശസ്തനായത്.

മേയ് 21ന് റേ സ്റ്റീവൻസൺ അന്തരിച്ചെന്ന് അറിയിച്ച കുടുംബം മരണകാരണം പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ മരണവാർത്ത ആർആർആർ സിനിമാസംഘവും സ്ഥിരീകരിച്ചു. ‘‘ഞങ്ങൾക്കും, നമുക്കെല്ലാവർക്കും വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണിത്. സർ സ്കോട്ട്, താങ്കൾ എക്കാലവും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. ആത്മാവിനു നിത്യശാന്തി നേരുന്നു’’– ആർആർആർ ടീം ട്വിറ്ററിൽ കുറിച്ചു.

റേ സ്റ്റീവൻസന്റെ മരണവാർത്തയിൽ ഞെട്ടിപ്പോയെന്നും അവിശ്വസനീയമെന്നും സംവിധായകൻ രാജമൗലി പറഞ്ഞു. സെറ്റിൽ വളരെയേറെ ഊർജം പ്രസരിപ്പിച്ചിരുന്ന നടനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, കുടുംബത്തിനുവേണ്ടി പ്രാർഥിക്കുന്നു– രാജമൗലി ട്വിറ്ററിൽ പറഞ്ഞു. 

വടക്കൻ അയർലൻഡിലെ ലിസ്ബനിൽ 1964ൽ ആണു സ്റ്റീവൻസൺ ജനിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ അഭിനയത്തിൽ സജീവമായ സ്റ്റീവൻസൺ ആദ്യം ടിവി ഷോകളിലാണ് സാന്നിധ്യമറിയിച്ചത്. ദ് തിയറി ഓഫ് ഫ്ലൈറ്റ് (1998) ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. പണിഷർ: വാർ സോണിലെയും തോർ സിനിമകളിലെയും കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.

English Summary: 'RRR' Actor Ray Stevenson Dies At 58, SS Rajamouli Pens Heartbreaking Note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com