‘വലിയ വിജയം അപ്രതീക്ഷിതം, തനിച്ചായിരുന്നു തയാറെടുപ്പ്’: ആറാം റാങ്ക് തിളക്കത്തില്‍ ഗഹന
Mail This Article
കോട്ടയം∙ അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു.
എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. അതുകൊണ്ടു തന്നെ ഐഎഫ്എസ് തിരഞ്ഞെടുക്കാനാണ് ആഗ്രഹം. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് ഗഹന പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി.
തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളുമാണ്.
ഇഷിത കിഷോറാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ഒന്നാമതെത്തിയത്. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെണ്‍കുട്ടികൾക്കാണ്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കു നിയമന ശുപാർശ.
English Summary: UPSC Civil Service: Reaction of Gahana Navya James