ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് മേയ് 28 എന്ന തീയതി തീരുമാനിച്ചതിന്റെ കാരണമെന്താണ് ? സവര്‍ക്കറുടെ ജന്മദിനമായതിനാലെന്നാണ് ബിജെപി പറയുന്നത്. അങ്ങനെയെങ്കിൽ പുതിയ കെട്ടിടത്തിന് ‘സവര്‍ക്കര്‍ സദനം’ എന്നു പേരിടണമെന്നാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പരിഹസിച്ചത്. എന്നാൽ പാര്‍ലമെന്‍റ് രേഖകളില്‍ സവര്‍ക്കറെ അനുകൂലിച്ച് സംസാരിച്ചവരില്‍ എ.കെ.ഗോപാലനും ഫിറോസ് ഗാന്ധിയുമുണ്ട്.

2003 ലാണ് വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇടം നേടിയത്. ഹിന്ദുമഹാസഭാ നേതാവിന്‍റെ ചിത്രം പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം അനാച്ഛാദനം ചെയ്തപ്പോള്‍ എ.ബി.വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി; എല്‍.കെ.അഡ്വാനി ഉപപ്രധാനമന്ത്രിയും. ചിത്രം പാര്‍ലമെന്‍റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുന്ന കാര്യം തീരുമാനിച്ച പാര്‍ലമെന്‍ററി സമിതിയില്‍ കോണ്‍ഗ്രസിന്‍റെ പ്രണബ് മുഖര്‍ജി, ശിവരാജ് പാട്ടീൽ, സിപിഎമ്മിന്‍റെ സോമനാഥ് ചാറ്റര്‍ജി എന്നിവരും ഉണ്ടായിരുന്നു. പക്ഷേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. പത്തു വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിന്‍റെ മറ്റൊരു സുപ്രധാന അധ്യായത്തിനു തുടക്കമിടുന്നത് സവര്‍ക്കറുടെ 140–ാം ജന്മദിനത്തിലാണ്.

പാര്‍ലമെന്‍റ് രേഖകളിൽ സവർക്കർ മുൻപും അനേകം തവണ ഇടംപിടിച്ചിട്ടുണ്ട്. 1957 ല്‍ മഥുരയില്‍നിന്നുള്ള സ്വതന്ത്ര എംപി രാജാ മഹേന്ദ്ര പ്രതാപ് ഒരു ബില്ല് അവതരിപ്പിച്ചു. സവര്‍ക്കര്‍, ഭരിന്ദ്ര കുമാര്‍ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത എന്നിവരുടെ, സ്വാതന്ത്ര്യസമരത്തിലെ സംഭാവനകളെ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസിന്‍റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ലവതരണം നടന്നില്ല. പക്ഷേ ഡപ്യൂട്ടി സ്പീക്കര്‍ അനുവദിച്ച ബില്ലിന് അവതരണാനുമതി നിഷേധിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നു വാദിച്ചത് കാസര്‍കോട് എംപി എ.കെ.ഗോപാലനും രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുമാണ്.

1965 ല്‍ സവര്‍ക്കര്‍ രോഗിയായപ്പോള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സഹായത്തിന് ആഭ്യന്തരമന്ത്രിയുടെ ഫണ്ടില്‍നിന്ന് 4900 രൂപ അനുവദിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ 1964 മുതല്‍ 1966 ല്‍ സവര്‍ക്കറുടെ മരണം വരെ പ്രതിമാസം 300 രൂപ അദ്ദേഹത്തിന് ധനസഹായം നല്‍കിയിരുന്നു.

സവര്‍ക്കറുടെ മരണത്തില്‍ പാര്‍ലമെന്‍റില്‍ അനുശോചനം രേഖപ്പെടുത്തണമെന്ന് ജനസംഘം അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കറെ എതിര്‍ത്ത് രംഗത്തെത്തിയത് കൊല്‍ക്കത്ത സെന്‍ട്രലിനെ പ്രതിനിധീകരിച്ച സിപിഐ എംപി എച്ച്.എന്‍.മുഖര്‍ജിയാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. ‘‘സവര്‍ക്കറുടെ മരണത്തില്‍ അദ്ദേഹം സഭാംഗമല്ലാത്തതിനാല്‍ മാത്രം അനുശോചിക്കാതിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതും അചിന്തനീയവുമാണ്. എനിക്കത് ഉള്‍ക്കൊള്ളാനാവില്ല.’’ എന്നാൽ സവർക്കർ യാതൊരു തരത്തിലും മാനിക്കപ്പെടേണ്ട വ്യക്തിയല്ലെന്നാണ് എച്ച്.എന്‍.മുഖര്‍ജിയുടെ പിന്തുടര്‍ച്ചക്കാര്‍ക്കു പറയാനുള്ളത്.

English Summary: VD Savarkar in Parliament Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com