പുതിയ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കും; സ്ഥാനം സ്പീക്കറുടെ കസേരയ്ക്കു സമീപം
Mail This Article
ന്യൂഡൽഹി∙ പുതിയ പാർലമെന്റിൽ അധികാരമുദ്ര സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക.
ഈ ചെങ്കോൽ ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തമിഴിലുള്ള ചെങ്കോൽ എന്ന പദം സൂചിപ്പിക്കുന്നതു നിറ സമ്പത്തിനെയാണ്.
അതേസമയം, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നതാണ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടു.
∙ ചരിത്രം ഇങ്ങനെ
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാരത്തിന്റെ കൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് അന്ന് പ്രധാനമന്ത്രിയാകാനിരുന്ന ജവാഹർലാൽ നെഹ്റുവിനോട് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത്. അന്നത്തെ ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയെയാണ് (രാജാജി) നെഹ്റു ഇക്കാര്യത്തിൽ സമീപിച്ചത്.
രാജാജി എന്നറിയപ്പെടുന്ന അദ്ദേഹം തമിഴ് പാരമ്പര്യമായ ചെങ്കോലിന്റെ കാര്യം നെഹ്റുവിനോടു പറഞ്ഞു. പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ പൂജാരി ചെങ്കോൽ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടിഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോൽ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
English Summary: Historic Sceptre, 'Sengol', To Be Placed In New Parliament Building