ADVERTISEMENT

തിരുവനന്തപുരം∙ സ്മാർട് മീറ്റർ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കെഎസ്ഇബിക്ക് സർക്കാർ നിർദേശം. സ്മാർട് മീറ്റർ സംബന്ധിച്ച് ഇന്ന് തൊഴിലാളി യൂണിയനുകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. പദ്ധതി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

നിർദേശം നൽകിയെങ്കിൽ ഉത്തരവ് എവിടെയെന്ന് തൊഴിലാളി പ്രതിനിധികൾ ചോദിച്ചു. എന്നാൽ, മന്ത്രിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. പിന്നീടാണ് ഉത്തരവ് സർക്കാർ പുറത്തുവിട്ടത്. പഴയ തീയതിവച്ച് യോഗത്തിനുശേഷമാണ് ഉത്തരവിറക്കിയതെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. കഴിഞ്ഞ മാസം 24ന് പദ്ധതി നിർത്തിവച്ച് ഉത്തരവിറങ്ങിയെങ്കിൽ എങ്ങനെയാണ് 29ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതെന്നും സംഘടനകൾ ചോദിക്കുന്നു. ടെണ്ടർ പൂർത്തിയായശേഷം പദ്ധതി നിർത്തിവയ്ക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

‌പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സബ്സിഡിയായി ലഭിക്കേണ്ട കോടിക്കണക്കിനു രൂപ മറ്റു സംസ്ഥാനങ്ങൾക്കു നൽകുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരക്കിട്ടുവേണ്ടെന്നും ഘട്ടം ഘട്ടമായി മതിയെന്നുമുള്ള നിലപാടിലാണു ഒരുവിഭാഗം വിദഗ്ധരും ബോർഡിലെ സംഘടനകളും. സ്മാർട് മീറ്ററിൽ പ്രീ പെയ്ഡ് സൗകര്യം ഉള്ളതിനാൽ വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾക്കു നിരീക്ഷിക്കാനാകും. മൊബൈൽ ആപ്പുകളും ഇതിനായി ഉപയോഗിക്കാം.

ഓഫിസിൽ ഇരുന്നുതന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചു എന്ന് കണക്കാക്കാനും ബോർഡ് അധികൃതർക്കു കഴിയും. ഇപ്പോൾ വൈദ്യുതി ഉപയോഗിച്ച് ഒരു മാസം കഴിയുമ്പോഴാണു ബോർഡിനു പണം ലഭിക്കുന്നത്. പ്രീപെയ്ഡ് സ്മാർട് മീറ്റർ വന്നാൽ പണം അഡ്വാൻസ് ആയി ലഭിക്കും. ഉപയോക്താക്കളിൽനിന്നു കാഷ് ഡിപ്പോസിറ്റ് പിരിക്കുന്നതും 4000 മീറ്റർ റീഡർമാരും ഇല്ലാതാകും. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ചു വ്യത്യസ്ത നിരക്ക് (ടിഒ‍ഡി) നിലവിൽ വരും. നിരക്കു കൂടുതലുള്ള സമയം ഉപഭോക്താവിനു വേണമെങ്കിൽ ഉപയോഗം കുറയ്ക്കാം.

വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60 ശതമാനവും സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും (പരമാവധി 900 രൂപ) ആണു കേന്ദ്ര സബ്സി‍ഡി. കേന്ദ്രം എംപാനൽ ചെയ്ത സ്വകാര്യകമ്പനികളെ പദ്ധതി ഏൽപിക്കുന്നതിലാണു സംഘടനകൾക്ക് എതിർപ്പ്. സ്മാർട് മീറ്ററുകളിൽ ഏറെയും ഇറക്കുമതി ചെയ്യുന്നതാണ്. കേന്ദ്രസ്ഥാപനമായ സിഡാക് ഇതു നിർമിക്കുന്നതിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ആറോളം കമ്പനികൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന സ്മാർട് മീറ്ററിനു വില കുറവാണെന്നും അതാണു കേരളത്തിൽ സ്ഥാപിക്കേണ്ടതെന്നുമാണു ബോർഡിലെ സംഘടനകളുടെ വാദം. 

ട്രാൻസ്ഫോമർ, ലൈനുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സ്മാർട് മീറ്ററിന്റെ സർവീസ് ചാർജ് സ്വകാര്യ കമ്പനിക്കു വൈദ്യുതി ബോർഡ് നൽകണം. ആദ്യ ഘട്ടമായി 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനാണു ബോർഡ് തീരുമാനിച്ചിരിക്കുന്നത്. സ്മാർട് മീറ്റർ സ്ഥാപിക്കുന്ന കമ്പനി 7വർഷം വരെ അതു പരിപാലിക്കുമെന്നാണു ചില സംസ്ഥാനങ്ങളിൽ ഒപ്പുവച്ച കരാറിൽ പറയുന്നത്. ഇതിനായി ഉപയോക്താക്കൾ മാസം 80–100 രൂപ കമ്പനിക്കു നൽകണം.

കേരളത്തിൽ ഒരാളുടെ റീഡിങ് എടുക്കുന്നതിന് ഇപ്പോൾ 8 രൂപയാണു ചെലവ്. പുറമേ മീറ്റർ വാടക കൂടി ചേർത്താലും ഇത്രയും തുക വരുന്നില്ലെന്ന് പദ്ധതിയെ എതിർക്കുന്നവർ പറയുന്നു. മീറ്ററിലെ റീഡിങ് അനുസരിച്ചു ബിൽ നൽകുന്നതും കമ്പനിയുടെ ചുമതലയാണ്. ഇത്തരം വിവരങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിനോടും ബോർഡിലെ സംഘടനകൾക്ക് എതിർപ്പുണ്ട്.

English Summary: Government instructs KSEB to put on hold Smart Meter Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com