ADVERTISEMENT

ബ്രിട്ടിഷുകാരിൽ‌നിന്ന് ഇന്ത്യൻ നേതാക്കളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ സൂചകമായി ചെങ്കോൽ കൈമാറിയത് 1947 ഓഗസ്റ്റ് 14ന് രാത്രി പത്തേമുക്കാലോടെയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന അധികാര മുദ്രയായിരുന്നു ആ ചെങ്കോൽ. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭുവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മറ്റു പ്രമുഖ നേതാക്കളും ആ ചടങ്ങിന്റെ ഭാഗമായി. ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ആ ചെങ്കോൽ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. അലഹാബാദിലെ മ്യൂസിയത്തിലായിരുന്നു ഇതുവരെ ഈ ചെങ്കോൽ സൂക്ഷിച്ചിരുന്നത്.

∙ ചെങ്കോലിന്റെ ചരിത്രം

ചോള രാജവംശകാലത്ത് രാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ രാജാധികാരകൈമാറ്റം സൂചിപ്പിക്കാനായി ചെങ്കോൽ ഉപയോഗിച്ചിരുന്നു. അധികാരത്തിന്റെ വിശുദ്ധ പ്രതീകമായും ഒരു രാജാവിൽനിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. കാലാന്തരത്തിൽ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹിമ വിളിച്ചോതുന്ന ചിഹ്നമായ അതു മാറി. തമിഴ് സംസ്കാരത്തിന്റെ സമ്പന്ന ചരിത്രത്തെയും പൈതൃകത്തെയും വിശേഷിപ്പിക്കുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ (Photo - Twitter/@KirenRijiju)
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ (Photo - Twitter/@KirenRijiju)

സ്വതന്ത്ര ഇന്ത്യയിൽ

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാരകൈമാറ്റം പ്രതീകാത്മകമായി എങ്ങനെ സൂചിപ്പിക്കാമെന്ന് അന്ന് നിയുക്ത പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോട‌ു ബ്രിട്ടിഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത്. ബ്രിട്ടിഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയെയാണ് (രാജാജി) നെഹ്റു അന്ന് ഇതിനായി സമീപിച്ചത്.

തമിഴ് പാരമ്പര്യമായ ചെങ്കോലിന്റെ കാര്യം നെഹ്റുവിനോടു രാജാജി പറഞ്ഞു. പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ പൂജാരി ചെങ്കോൽ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ, ബ്രിട്ടിഷ് ഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യലബ്ധിയെ ചെങ്കോൽ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

(Photo - Twitter/@ANI)
(Photo - Twitter/@ANI)

തമിഴ്നാട്ടിലെ ത​ഞ്ചാവൂർ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജാജി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവർ. 500 വർഷം മുൻപുതൊട്ടേ ചരിത്രത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഇവരുടെ പ്രവർത്തനം. ചെങ്കോൽ തയാറാക്കാൻ ഇവരുടെ സഹായമാണ് രാജാജി തേടിയതെന്ന് സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ (Photo - Twitter/@ANI)
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ (Photo - Twitter/@ANI)

അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു. ചെന്നൈയിലെ അന്നത്തെ പ്രമുഖ സ്വർണവ്യവസായികളാണ് ചെങ്കോൽ നിർമിച്ചത്. ചെങ്കോലിന്റെ നിർമാണത്തിൽ പങ്കെടുത്തവരിൽ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകർ (88) എന്നിവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

(Photo - Twitter)
(Photo - Twitter)

ചടങ്ങ് ഇങ്ങനെ

ചോള രാജവംശത്തിന്റെ മാതൃക പിന്തുടർന്നായിരുന്നു ചെങ്കോൽ കൈമാറ്റ ചടങ്ങുകൾ. 1947 ഓഗസ്റ്റ് 14ന് തമിഴ്നാട്ടിൽ നിർമിച്ച ചെങ്കോലുമായി മൂന്നുപേർ ഡൽഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരൻ എന്നിവരാണ് ചെങ്കോലിനൊപ്പം ഡൽഹിയിൽ എത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പുതിയ പാർലമെന്റിൽ സ്പീക്കറുടെ കസേരയ്ക്കു സമീപം ചെങ്കോൽ സ്ഥാപിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുന്ന ചിത്രം. ട്വിറ്ററിൽ പ്രചരിക്കുന്നത്.
പുതിയ പാർലമെന്റിൽ സ്പീക്കറുടെ കസേരയ്ക്കു സമീപം ചെങ്കോൽ സ്ഥാപിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുന്ന ചിത്രം. ട്വിറ്ററിൽ പ്രചരിക്കുന്നത്.

പൂജാരി ചെങ്കോൽ എടുത്ത് ആദ്യം മൗണ്ട്ബാറ്റൻ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടർന്ന് ഗംഗാജലം തളിച്ച് ചെങ്കോൽ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്റുവിനു ചെങ്കോൽ കൈമാറുകയായിരുന്നു.

(Photo - Twitter/@ANI)
(Photo - Twitter/@ANI)

English Summary: What is a Sengol, the 'Symbol of Power & Justice' to be Installed in New Parliament Building?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com