അടുത്ത മഹാമാരി ‘ഡിസീസ് എക്‌സ്’?; ഡബ്ല്യുഎച്ച്ഒ മേധാവിയുടെ മുന്നറിയിപ്പ്
Mail This Article
ജനീവ∙ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്‌സ്’ (അജ്ഞാത രോഗം) എന്ന പരാമർശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്‌സി’ലെ ‘എക്‌സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനുശേഷം, കോവിഡ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവ പോലെ ‘സൂനോട്ടിക്’ (മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗം) ആയിരിക്കുമെന്നും വിദഗ്ധർ പറയുന്നു. ‘ഡിസീസ് എക്‌സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.
മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങൾ.
English Summary: After WHO Chief's Warning, 'Disease X' Raises Concern