ADVERTISEMENT

ഹൈദരാബാദ്∙ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച വീട്ടുടമസ്ഥൻ അറസ്റ്റിൽ. സ്ത്രീയുടെ തല കവറിൽ പൊതിഞ്ഞ നിലയിൽ മുസി നദിക്കരികിൽ കണ്ടെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇവർ താമസിച്ച വീടിന്റെ ഉടമസ്ഥൻ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് അൻപത്തിയഞ്ചുകാരിയായ അനുരാധയുടെ തല കറുത്ത പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മുസീ നദിക്കു സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ ബി.ചന്ദ്ര മോഹൻ(48) അറസ്റ്റിലായത്. 

മറ്റു ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുന്നതിനായി ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകവുമായി ഇതിന് ഏറെ സാമ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളായി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ചതിനുശേഷം ഇവരുടെ പങ്കാളി അഫ്താബ് പൂനവാല ഇതു വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. 

ചന്ദ്ര മോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. അനുരാധ ആളുകൾക്കു പലിശയ്ക്കു പണം നൽകാറുണ്ടായിരുന്നു. ചന്ദ്ര മോഹൻ ഇവരിൽനിന്ന് ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നൽകാൻ അനുരാധ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഇയാൾ കൊലപാതകത്തിനു പദ്ധതിയിട്ടതെന്നാണ് വിവരം. 

മേയ് 12 ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ചന്ദ്ര മോഹൻ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. വയറ്റിലും നെഞ്ചിലും ആഴത്തിൽ മുറവേൽപ്പിച്ചെന്നാണു വിവരം. തുടർന്ന് കയ്യിൽ കരുതിയിരുന്ന അറക്കവാൾ ഉപയോഗിച്ച് ഇവരുടെ ശരീരഭാഗങ്ങൾ ആറു കഷണങ്ങളായി മുറിച്ച് കവറിലാക്കി ഫ്രിജിൽ സൂക്ഷിച്ചു. ഇതിൽ തല ഇയാൾ പൊളിത്തീൻ കവറിലാക്കി വലിച്ചെറിഞ്ഞു. ഫ്രിജിൽ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളുടെ ദുർഗന്ധം പുറത്തുവരാതിരിക്കാൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാൻ അവരുടെ ഫോണിൽനിന്ന് ബന്ധുക്കൾക്ക് സന്ദേശമയയ്ക്കുകയും ചെയ്തുവന്നെന്നും പൊലീസ് അറിയിച്ചു.

English Summary: Landlord held in Hyderabad week after woman’s severed head found on footpath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com