‘പ്രതിപക്ഷ തീരുമാനം അന്യായം; ഗോത്ര വനിതയുടെ അഭിമാനവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല’
Mail This Article
ലക്നൗ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ‘അന്യായ’മെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. ചടങ്ങിനെ ഗോത്ര വനിതയുടെ അഭിമാനവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ മേയ് 28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു.
‘‘കേന്ദ്രത്തിൽ, നേരത്തേ കോൺഗ്രസ് സർക്കാരായാലും ഇപ്പോൾ ബിജെപിയായാലും രാജ്യവും പൊതുതാൽപര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഎസ്പി എപ്പോഴും പിന്തുണച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, ഇപ്പോൾ പാർലമെന്റിന്റെ പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്യുന്നതിനും പാർട്ടി പിന്തുണ നൽകി. ഇതിനെ സ്വാഗതം ചെയ്യുന്നു’’– അവർ ട്വീറ്റ് ചെയ്തു.
പുതിയ കെട്ടിടം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ നിർബന്ധം അന്യായമാണെന്നും അവർ പറഞ്ഞു. ‘‘സർക്കാരാണ് ഇത് ഉണ്ടാക്കിയത്. അതിനാൽ അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. ഗോത്ര വനിതയുടെ അഭിമാനവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് അന്യായമാണ്’’– അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
English Summary: Mayawati Welcomes New Parliament Opening, Slams "Unfair" Opposition