‘രാജ്യത്തിന്റെ പ്രഥമ പൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നു തന്നെ’
Mail This Article
ചെന്നൈ ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെതിരെ സംവിധായകൻ പാ.രഞ്ജിത്ത്. ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഈ ദുരവസ്ഥയിൽ പ്രഥമ പൗരയും സാധാരണക്കാരും ഒരുപോലെ ഭാഗഭാക്കാകുകയാണെന്നും പാ.രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ‘ജനാധിപത്യത്തിന്റെ പരിഹാസം’ എന്നു പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്
‘അങ്ങ് ഡൽഹിയിൽ ആധുനികവും വികസിതവും മഹത്തായതുമായ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ ആദിവാസി സമൂഹത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്നു. എന്നാൽ അവരെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കുന്നില്ല.
തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും വർധിച്ചു വരുന്ന ജാതി അതിക്രമങ്ങൾക്കൊപ്പം തമിഴ്നാട്ടിലെ വില്ലുപുരത്ത് ഹിന്ദു മതത്തിലെ ഉയർന്ന ജാതിക്കാർ ദ്രൗപദിയുടെ ക്ഷേത്രത്തിൽ ദലിതർ പ്രവേശിക്കുന്നതിനെതിരെ സമരം ചെയ്യുന്നു. ജാതീയത നിറഞ്ഞ ഇന്ത്യൻ സമൂഹത്തിൽ രാജ്യത്തിന്റെ പ്രഥമ പൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നു തന്നെയാണ്. അത് രാഷ്ട്രീയ ഭേദമന്യേ തുടരുന്നു.
പല രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും വരികയും പോകുകയും ചെയ്തു. സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾ ഇല്ലാതാക്കുന്നതിനു പകരം ഇവരെല്ലാം പുതിയ ഭാവത്തിലുള്ള തൊട്ടുകൂടായ്മയ്ക്കും ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും ജന്മം നൽകുകയാണ്. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികൾക്കും ഭരണത്തിനും നേതൃത്വം നൽകുന്ന ബിജെപിയുടെ നയങ്ങൾക്കെതിരെ ശക്തമായ എതിർപ്പു രേഖപ്പെടുത്തുന്നു’– പാ.രഞ്ജിത്ത് കുറിച്ചു.
English Summary: Pa Ranjith against BJP