വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൗലികാവകാശലംഘനം; ബാങ്കുകൾക്കെതിരെ പട്ന ഹൈക്കോടതി
Mail This Article
പട്ന ∙ വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ബാങ്കുകൾ റിക്കവറി ഏജന്റുമാരെ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നു പട്ന ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് രാജീവ് രഞ്ജൻ പ്രസാദിന്റേതാണ് ഉത്തരവ്. വായ്പയ്ക്ക് ഈടുവച്ചിട്ടുള്ള വാഹനമോ വസ്തുവോ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പിടിച്ചെടുത്ത് ലേലം ചെയ്യുന്നതാണ് നിയമം അനുശാസിക്കുന്ന മാർഗമെന്നു കോടതി വ്യക്തമാക്കി.
റിക്കവറി ഏജന്റുമാർ തോക്കു കാട്ടി വരെ വാഹനങ്ങൾ പിടിച്ചെടുക്കാറുണ്ട്. റിക്കവറി ഏജന്റുമാരെ നിയോഗിച്ച് ബലപ്രയോഗത്തിലൂടെ വാഹനങ്ങൾ പിടിച്ചെടുത്തതിനു ബാങ്കുകൾക്ക് ഹൈക്കോടതി അര ലക്ഷം രൂപ പിഴ വിധിച്ചു. ബിഹാറിൽ റിക്കവറി ഏജന്റുമാർ വാഹനങ്ങൾ പിടിച്ചെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു ഹൈക്കോടതി ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.
English Summary: Patna High Court says banks can't forcibly seize loan-default vehicles by engaging recovery agents