‘ഡിജിപിയെ നിശ്ചയിക്കുന്നവര്‍ പറയട്ടെ’; വനിതാ ഡിജിപിയുണ്ടായില്ല എന്നതിന് സന്ധ്യയുടെ മറുപടി
Mail This Article
തിരുവനന്തപുരം∙ എന്തുകൊണ്ടു വനിതാ പൊലീസ് മേധാവിയുണ്ടാകുന്നില്ലെന്നു പറയേണ്ടത് നിശ്ചയിക്കുന്നയാളുകളാണെന്നു അഗിനശമന സേനാ മേധാവി ബി.സന്ധ്യ. വിഷമം മാധ്യമങ്ങളിലൂടെ പറയുന്നയാളല്ല താനെന്നും അവർ പറഞ്ഞു. പൊലീസ് സര്‍വീസിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബി.സന്ധ്യ മനോരമ ന്യൂസിനോടു പറഞ്ഞു.
മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷം ബി.സന്ധ്യ ഈ മാസം 31ന് പടിയിറങ്ങും. 1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിടപറയുന്നത്. എന്നാല്‍ ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന പദവിയിലെത്താന്‍ കഴിഞ്ഞില്ല. പൊലീസ് മേധാവിയായി അനില്‍കാന്തിനു രണ്ടു വര്‍ഷം കൂടി നല്‍കിയതോടെ ഫയര്‍ ഫോഴ്സ് മേധാവിയായി സന്ധ്യക്ക് പടയിറങ്ങേണ്ടി വന്നു.
എന്തുകൊണ്ടു വനിതാ പൊലീസ് മേധാവിയുണ്ടാകുന്നില്ലെന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് അത് നിശ്ചയിക്കുന്നയാളുകളാണെന്ന് സന്ധ്യ പറഞ്ഞു. 88 ലെ മൂന്നു വനിതകള്‍ മാത്രം ഉള്‍പ്പെട്ട ബാച്ചില്‍നിന്നു 2023 ല്‍ എത്തുമ്പോള്‍ വനിതകള്‍ക്ക് അനുയോജ്യ സാഹചര്യമാണെന്നും സന്ധ്യ അഭിപ്രായപ്പെട്ടു. 35 വര്‍ഷത്തെ ഐപിഎസ് പര്‍വ്വത്തിനിടെ കലയ്ക്കും സാഹിത്യത്തിനും വേണ്ടി സമയം നീക്കിവെച്ച സന്ധ്യയുടെ ശിഷ്ടകാലം അധ്യാപനത്തിനായി സമര്‍പ്പിക്കും.
English Summary: Fireforce DGP B.Sandhya about Woman Police Chief