പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം: പ്രത്യേക 75 രൂപാ നാണയം പുറത്തിറക്കും
Mail This Article
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന സ്‌മരണാർത്ഥം 75 രൂപാ നാണയം പുറത്തിറക്കുന്നു. സ്വാതന്ത്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകും നാണയമെന്ന് കേന്ദ്ര ധനമന്ത്രാലയം പറഞ്ഞു. വൃത്തത്തിൽ 44 മില്ലിമീറ്റർ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിർമ്മിക്കുക.
ഒരുവശത്ത് അശോകസ്തംഭവും "സത്യമേവ ജയതേ" എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയിൽ "ഭാരത്" എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് വലതു വശത്തായി ഇംഗ്ലീഷിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തും. നാണയത്തിൽ റുപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയിൽ "സൻസദ് സങ്കുൽ" എന്നും താഴെയായി ഇംഗ്ലീഷിൽ "പാർലമെന്റ് മന്ദിരം" എന്നും രേഖപ്പെടുത്തും.
പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 25 രാഷ്ട്രീയ കക്ഷികൾ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാൽ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
English Summary: A Special 75 Rs Coin will be launched to commemorate the inaguration of the new parliament building