ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. ഇതേത്തുടർന്ന് ഹർജി പിൻവലിച്ചു. ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന വാദം കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതി അഭിഭാഷകൻ സി.ആർ. ജയ സുകിൻ ആണ് ഹർജി ഫയൽ ചെയ്തത്.

‘‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം. ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് ബാധ്യതയില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക’ – സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ നിരവധിപ്പേർ പ്രതിഷേധം അറിയിച്ചിരുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനച്ചടങ്ങു ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പ്രഥമപൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നുതന്നെയാണെന്നാണ് സംവിധായകൻ പാ രഞ്ജിത്തും ട്വിറ്ററിൽ കുറിച്ചു

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുക.

English Summary: Supreme Court dismisses plea seeking inauguration of new Parliament building by President Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com