കേരളം വായ്പയെടുക്കുന്നത് കെ.വി.തോമസിന് ഓണറേറിയം നൽകാനാണോ?: വി.മുരളീധരൻ
Mail This Article
കൊച്ചി ∙ കേരളം കൂടുതൽ പണം വായ്പയെടുക്കുന്നത് കെ.വി.തോമസിന് ഓണറേറിയം നൽകാനാണോയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇത്ര നാളും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വിശദീകരിച്ച് നടന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ, കേരളം കടക്കെണിയിൽ ആണെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്.
ശ്രീലങ്കയിലെ പോലെയുള്ള സാഹചര്യത്തിലേക്ക് കേരളത്തെ തള്ളി വിടാനുള്ള നീക്കത്തിന് കേന്ദ്രാനുമതി കിട്ടില്ല. ക്ഷേമ പെൻഷൻ മുടങ്ങുന്നതിനു കേന്ദ്രത്തെ പഴി പറയുന്നതിൽ അർഥമില്ല. സാമ്പത്തിക പ്രതിസന്ധി വാർത്താസമ്മേളനം വിളിച്ച് ചേർത്ത് വിശദീകരിക്കാതെ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സർക്കാർ തയാറാകട്ടെ.
നിതി ആയോഗ് യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ബഹിഷ്കരിച്ചത് നാം കണ്ടതാണ്. യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നേരിട്ട് സഹായം ആവശ്യപ്പെടാമായിരുന്നു.
കാട്ടാനയും കാട്ടുപോത്തും ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് കാണുന്നത്. വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്രം കോടികളുടെ സഹായം നൽകിയിട്ടുണ്ട്. എന്നാൽ പൂർണമായി സംസ്ഥാനം ഉപയോഗിച്ചില്ലെന്നും മുരളീധരൻ ആരോപിച്ചു.
English Summary: Is Kerala borrowing more to pay honorarium to KV Thomas?: V. Muralidharan