ADVERTISEMENT

പത്തനാപുരം∙ അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാർ പറയുന്നു. 

‘‘ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. അതിനെ സ്നേഹിക്കുകയും അതിന്റെ മനശാസ്ത്രം അറിയുകയും ചെയ്യാം. ആനത്താരയിൽ ആളുകള്‍ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ സ്ഥലംവച്ച് താമസിച്ചവരാണോ? അല്ലല്ലോ. ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചു കഴിഞ്ഞാൽ അത് തേടിവരും. ഈ ആനയക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. 

ആദ്യം തേയിലത്തോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി. അതിന് നാട്ടിലെ ആളുകളെ ഭയമില്ല. തമിഴ്നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗമില്ല. ഇതിനെ എവിടെക്കൊണ്ടു വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്. ഈയിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ചു ലക്ഷം രൂപയുടെ കോളർ തമിഴ്നാട് സർക്കാർ കൊണ്ടുപോകുമെന്ന്. മിക്കവാറും അത് സംഭവിക്കും. 

ആനയ്ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ഇനി വീണ്ടും വരും. എത്രയും വേഗം മെരുക്കി കുങ്കി ആനയാക്കുക മാത്രമാണ് ഇനിയുള്ള ഏക വഴി. ഓരോ ആനയ്ക്കും ഓരോ സ്വഭാവമുണ്ട്. ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മൾ ഇടപെടരുത്. തമിഴ്നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ഇടത്തേക്കാലിലെ മന്ത് എടുത്ത് വലത്തേകാലിൽ വച്ച അവസ്ഥയാണ് ഇപ്പോൾ. കമ്പം ടൗണിലൊന്നും ആനയിറങ്ങി ചരിത്രമില്ല. കുമളി ടൗണിൽ ആനയിറങ്ങിയിട്ടുണ്ടോ? ഇപ്പോൾ ഈ ആന കുമളിയിലിറങ്ങിയേനെ. ഈ ആന ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നല്ല ആരോഗ്യവാനാണ് അവൻ. 45 കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ കപട ആന പ്രേമികളില്ല. ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ്. ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ല. അവരുടെ തീരുമാനം ഇതായിരുന്നില്ല.’’– ഗണേഷ് കുമാർ പറഞ്ഞു.

English Summary: Ganesh Kumar MLA about Arikomban 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com