‘കിരീടധാരണം കഴിഞ്ഞു; അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു’
Mail This Article
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തെ തന്റെ കിരീടധാരണമായാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി കണക്കാക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പ്രധാനമന്ത്രി’ എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയേയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘കിരീടധാരണം കഴിഞ്ഞു–അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണ്’–എന്ന് ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ വിഡിയോ പങ്കുവച്ച് മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞു. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം അടിച്ചമർത്തുന്നതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തിനു വേണ്ടി മെഡൽ നേടിയവരുടെ ശബ്ദം ബൂട്ടുകൾക്കിടയിൽ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ ധാർഷ്ട്യം വളർന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
‘ഗുസ്തി താരങ്ങൾ നെഞ്ചിലണിഞ്ഞ മെഡൽ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായികതാരങ്ങൾ നേടിയെടുത്ത മെഡൽ രാജ്യത്തിന്റെ യശസ് ഉയർത്തി. വനിത താരങ്ങളുടെ ശബ്ദത്തെ, യാതൊരു അനുകമ്പയുമില്ലാതെ, ബുട്ടുകൾക്കിടയിൽ ചവിട്ടിമെതിക്കുന്ന തരത്തിലേക്ക് ബിജെപി സർക്കാരിന്റെ ധാർഷ്ട്യം വളർന്നിരിക്കുന്നു. ഇത് തീർത്തും തെറ്റാണ്. സർക്കാരിന്റെ ഈ ധാർഷ്ട്യവും അനീതിയും രാജ്യം മുഴുവൻ കാണുകയാണ്’– പ്രിയങ്ക ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരം, രാഷ്ട്രപതി ദ്രൗപദിതി മുർമുവിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാതെ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. അതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ രണ്ടുഘട്ടമായി പൂർത്തിയായി. "പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്നാ’ണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയ ആർജെഡിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു
English Summary: "Considering it Coronation", Rahul Gandhi against PM