‘2014ന് മുൻപ് ഒന്നും സംഭവിച്ചില്ല; മറ്റാർക്കും ചെയ്യാൻ സാധിക്കില്ലെന്നു വരുത്താനാണ് മോദിയുടെ ശ്രമം’
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ച ആർജെഡിക്കെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘‘മറ്റെന്തെല്ലാം പറയാൻ സാധിക്കുമായിരുന്നു. എന്തുകൊണ്ടാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വച്ചത്. ആർജെഡിക്ക് യാതൊരു നിലപാടുമില്ല. പഴയ പാർലമെന്റ് കെട്ടിടത്തിന് ഡൽഹി ഫയർ സർവീസിന്റെ അനുമതി പോലും ഇല്ല. പുതിയ പാർലമെന്റ് മന്ദിരം ലോക്സഭാ സ്പീക്കർ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ താനാണ് എല്ലാം ചെയ്യുന്നതെന്നും മറ്റാർക്കും ഇതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
2014ന് മുൻപ് ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനുശേഷമാണ് എല്ലാം സംഭവിക്കുന്നതെന്നും വരുത്തിത്തീർക്കാനാണ് ശ്രമം. പ്രധാനമന്ത്രി, സ്വയം പ്രചാരണം നടത്തുന്നതിനുള്ള മാർഗമായാണ് ഇതിനെ കാണുന്നത്’’.–ഉവൈസി പറഞ്ഞു
പുതിയ പാർലമെന്റ് മന്ദിരം മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെയാണ് വിവാദ ട്വീറ്റുമായി ആർജെഡി രംഗത്തെത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്. ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
English Summary: Owaisi slams RJD's coffin post on new Parliament