ADVERTISEMENT

കോഴിക്കോട് ∙ മൂന്നോ നാലോ ദിവസത്തിനകം കോൺഗ്രസിൽ പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക വരും. ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വച്ചിരുന്ന കാലത്തോടു വിടപറഞ്ഞ്, യോഗ്യത മാത്രം മാനദണ്ഡമാക്കി തിരഞ്ഞെടുത്ത പുതുമുഖങ്ങളാണ് കോൺഗ്രസിലേക്ക് കടന്നുവരുന്നത്. മേയ് 9, 10 തീയതികളിൽ വയനാട്ടിൽ നടന്ന ലീഡേഴ്സ് മീറ്റിൽനിന്ന് ഊർജമുൾക്കൊണ്ട് തുടക്കമിട്ട പുനഃസംഘടനാ നടപടികൾ കോൺഗ്രസിനെ വരാനിരിക്കുന്ന പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പുതിയ ദിശയിലേക്ക് നയിക്കുമെന്നാണു നിഗമനം. അതിന്റെ ആദ്യപടിയാണ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന.

പുതിയ മാനദണ്ഡങ്ങൾ

ഗ്രൂപ്പടിസ്ഥാനത്തിൽ ‍വീതം വയ്ക്കുന്ന പതിവുരീതിയോടു വിടപറഞ്ഞ് കെപിപിസി നൽകിയ പുതിയ നിർദേശങ്ങൾ ആസ്പദമാക്കിയാണ് പുതിയ മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നത്. 

∙ മണ്ഡലം പ്രസിഡന്റുമാരായി 5 വർഷം പിന്നിട്ടവരെ നിർബന്ധമായും മാറ്റണമെന്നതാണ് അതിൽ പ്രധാനം. എത്ര പ്രധാനപ്പെട്ട ആളാണെങ്കിലും ഈ നിയമം എല്ലാവർക്കും ബാധമാകും. 3 വർഷം പിന്നിട്ടവരിൽ, മികച്ച പ്രകടനത്തിന്റെ പേരിലാണെങ്കിൽ ‍മാത്രം 2 വർഷംകൂടി മാത്രം നീട്ടിക്കൊടുക്കാം എന്ന ഇളവു മാത്രമാണു നൽകിയിരിക്കുന്നത്. 

∙ പ്രവർത്തന പാരമ്പര്യമില്ലാത്തവരെ ഒരു നിലയ്ക്കും പ്രസിഡന്റു സ്ഥാനത്തേയ്ക്ക് പരിഗണിച്ചിട്ടില്ല. യോഗ്യതയുണ്ടായിട്ടും ‘138 ചലഞ്ചിൽ’ പങ്കെടുക്കാത്തവരെ സമാനമായ രീതിയിലാണ് ഒഴിവാക്കിയിരിക്കുന്നത്. കെപിസിസി, ഡിസിസി നേതൃത്വങ്ങളിൽ പുതിയ സാരഥ്യം കടന്നുവന്നശേഷവും സംഘടനാപ്രവർത്തനങ്ങളിൽ സജീവമാവാത്തവരെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിട്ടില്ല. 

ബത്തേരിയിൽ നടന്ന ലീഡേഴ്സ് മീറ്റിൽ വി.ഡി.സതീശനും കെ.സുധാകരനും. ചിത്രം: മനോരമ
ബത്തേരിയിൽ നടന്ന ലീഡേഴ്സ് മീറ്റിൽ വി.ഡി.സതീശനും കെ.സുധാകരനും. ചിത്രം: മനോരമ

∙ കോൺഗ്രസിന് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ എന്ന സംഘടന നിലവിലുണ്ടായിട്ടും ഇടതു അനുകൂല പെൻഷനേഴ്സ് യൂണിയനിൽ പ്രവർത്തിക്കുന്നവരെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന കർശനനിലപാട് സ്വീകരിച്ചാണ് പട്ടിക വരാനിരിക്കുന്നത്. 

∙ 50 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന നൽകുക, ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ വനിതാ മണ്ഡലം പ്രസിഡന്റിനെ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾകൂടി ഉറപ്പാക്കുന്നതോടെ വരാനിരിക്കുന്ന പട്ടിക കോൺഗ്രസിന്റെ മുഖച്ഛായ മാറ്റും.

നാമനിർദേശങ്ങൾ നേരിട്ടെത്തി സ്വീകരിച്ചു

കോഴിക്കോട് സ്വീകരിച്ച പുനഃസംഘടനാ രീതി നോക്കുകയാണെങ്കിൽ വരാനിരിക്കുന്നത് യോഗ്യത മാത്രം മാനദണ്ഡമാക്കിയവരുടെ മികച്ച പട്ടികയാവണം. കാരണം ജില്ലയെ 4 മേഖലകളാക്കി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും ജില്ലയുടെ പുനഃസംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമും ചേർന്ന്, നാലിടത്തും നേരിട്ടെത്തി പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് നാമനിർദേശം എഴുതി വാങ്ങുകയായിരുന്നു. ഇങ്ങനെ 117 മണ്ഡലം പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ലഭിച്ചത് 700 പേരുടെ പട്ടിക.

തുടർന്ന് ഇരുവരും സൂക്ഷ്മപരിശോധന നടത്തി ഈ പട്ടിക 300 പേരുടേതാക്കി ചുരുക്കി. കെപിസിസി മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഇതു വീണ്ടും 220 പേരുടേതാക്കി. തുടർന്നായിരുന്നു എംപിമാരുമായി ചർച്ച. അതിനുശേഷം ജില്ലാതല പുനഃസംഘടനാസമിതി യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകിക്കഴിഞ്ഞിരിക്കണം. ഈ പട്ടികയാണ് കെപിസിസി അംഗീകാരത്തോടെ പ്രഖ്യാപിക്കുക. ഇവിടെ തീരുമാനമാകാത്ത മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും.

ഇതുവരെ പരസ്യമായ അസ്വാരസ്യങ്ങളൊന്നും പ്രകടമായിട്ടില്ലെന്നതുതന്നെ കോൺഗ്രസ് പുനഃസംഘടനയുടെ ചരിത്രത്തിൽ ആദ്യമാവണം. അതിനാൽ പ്രവർത്തകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ മാറ്റങ്ങൾ. താഴെത്തട്ടിലെ പ്രവർത്തനത്തിന് പുതിയ മാർഗനിർദേശങ്ങൾ നൽകിയാണ് വയനാട്ടിലെ ലീഡേഴ്സ് മീറ്റ് സമാപിച്ചതെങ്കിൽ അതിനു ചുക്കാൻ പിടിക്കുക വരാനിരിക്കുന്ന, ഗ്രൂപ്പില്ലാത്ത നേതൃത്വമാവണം. കർണാടക തിരഞ്ഞെടുപ്പുഫലം നൽകിയ പുതിയ ഉണർവ് കേരളത്തിലെ കോൺഗ്രസിനെ പുതിയ ദിശയിലേക്ക് നയിക്കുകയാണ്. അതിന്റെ ആദ്യചുവടായി പുനഃസംഘടന മാറുമോയെന്ന് പട്ടിക വന്നാൽ നേരിട്ടറിയാം.

English Summary: Congress will appoint Mandalam Presidents without group equation soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com