ADVERTISEMENT

തളിപ്പറമ്പ്∙ പ്രശസ്ത വാദ്യ കലാകാരൻ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (72) അന്തരിച്ചു. കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനാണ്. അസുഖബാധിതനായി മംഗളൂരുവിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. മൃതദേഹം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് തളിപ്പറമ്പ് വെള്ളാവിലെ വീട്ടിൽ എത്തിച്ച ശേഷം 3 വരെ പൊതുദർശനം. തുടർന്ന് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

നിരവധി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകൾക്ക് വാദ്യപ്രമാണിയായിരുന്നു. 1951 ജനുവരി 4ന് കൊട്ടിലവീട്ടിൽ ശങ്കരമാരാരുടെയും തേമനം വീട്ടിൽ ലക്ഷ്മി മാരസ്യാരുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോറോത്ത് ശങ്കരമാരാരുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ചു. ജന്മനാടായ കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ അരങ്ങേറ്റം. പിന്നീട് പുളിയാമ്പള്ളി ശങ്കരമാരാർ, പടുവിലായി അച്യുതമാരാർ, സദനം വാസുദേവൻ, പല്ലാവൂർ മണിയൻ മാരാർ തുടങ്ങിയ ഗുരുക്കൻമാരിൽനിന്ന് ചെണ്ട, തിമില, പാണി എന്നിവയിൽ പ്രാവീണ്യം നേടി. മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിലെ അംഗമായി. പയ്യന്നൂർ പഞ്ചവാദ്യ സംഘം രൂപീകരിക്കുന്നതിൽ അമരക്കാരനും പിന്നീട് അധ്യാപകനുമായി. ഇപ്പോൾ അതിന്റെ രക്ഷാധികാരിയാണ്.

58 വർഷമായി കൊട്ടിയൂർ പെരുമാളുടെ സന്നിധിയിൽ മേള പ്രമാണിയായ അദ്ദേഹത്തെ ഓച്ചർ സ്ഥാനികനായി ക്ഷേത്രം ആദരിച്ചിരുന്നു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിലും നിരവധി വർഷങ്ങളായി മേള പ്രമാണിയായിരുന്ന ശങ്കരൻകുട്ടി മാരാർ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് മാറിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തുനിന്ന് വാദ്യരത്നം ബഹുമതി നൽകി ആദരിച്ചു. ക്ഷേത്രം നേരിട്ട് വീരശൃംഖല നൽകിയ ഏക കലാകാരനാണ്. ക്ഷേത്രകലാ അക്കാദമി, കലാമണ്ഡലം, ഗുരുവായൂർ ദേവസ്വം തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽനിന്ന് ബഹുമതികൾ ലഭിച്ചു.

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ആരാധനാ മഹോത്സവം, പെരളശേരി ഉത്സവം, കണ്ടന്തളി ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനി മടപ്പുര ഉത്സവം തുടങ്ങി ഉത്തര കേരളത്തിലെ നിരവധി ഉത്സവങ്ങളിൽ മേള പ്രമാണിയായിരുന്നു. ഏഷ്യൻ ഗെയിംസ്, വള്ളസദ്യ മേളം, നെന്മാറ– വല്ലങ്ങി മേള പ്രമാണം, ഗുരുവായൂർ ഉത്സവത്തിലെ സ്ഥിരം സീനിയർ തായമ്പക തുടങ്ങിയവയിൽ പ്രാവീണ്യം തെളിയിച്ചു. ഭാര്യ: പുളിയാമ്പള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ: ശ്രീലത, സ്മിത (അസി. എജ്യുക്കേഷൻ ഓഫിസ്, തളിപ്പറമ്പ്), ശ്രീവിദ്യ. മരുമക്കൾ: ശശികുമാർ, കോട്ടയ്‌ക്കൽ രമേശൻ (പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രം), സുരേന്ദ്രൻ.

English Summary: Instrument maestro Kadannappalli Sankarankutty Marar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com