സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ; ‘മഹാ ഖാപ്പ് പഞ്ചായത്ത്’ ഇന്ന്
Mail This Article
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന്. ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണു സമരം. കഴിഞ്ഞദിവസം മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കുമെന്നു പ്രഖ്യാപിച്ചു ഹരിദ്വാറിലെത്തിയ ഗുസ്തിതാരങ്ങളെ കർഷക നേതാക്കളാണു പിന്തിരിപ്പിച്ചത്.
എല്ലാ ഖാപ്പ് പഞ്ചായത്തുകളുടെയും മഹായോഗം ഉത്തർപ്രദേശിലെ മുസഫർനഗറിൽ ചേരുമെന്നും ഗുസ്തി താരങ്ങളുടെ സമരത്തെപ്പറ്റി ചർച്ച ചെയ്യുമെന്നും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് നരേഷ് ടിക്കായത്ത് പറഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഖാപ്പ് തലവന്മാർ മഹാപഞ്ചായത്തിൽ പങ്കെടുക്കും.
മെഡലുകൾ നെഞ്ചോടു ചേർത്ത്, കണ്ണീരണിഞ്ഞ് ഹരിദ്വാറിലെ ഗംഗാതീരത്തെത്തിയ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നീ താരങ്ങളെ നരേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവരാണ് അനുനയിപ്പിച്ചു പിന്തിരിപ്പിച്ചത്. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറെന്നു ബ്രിജ്ഭൂഷൻ ശരൺ സിങ് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ഇടപെട്ടു. ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും താരങ്ങൾ നൽകിയ പരാതിയിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ഐഒസി പ്രതികരിച്ചു. താരങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) രംഗത്തു വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Mega Farmers' Meet Today To Discuss Wrestlers' #MeToo Protest- Updates