ട്രെയിനിന് തീയിട്ടത് സിക്ദർ തന്നെ; കാരണം ഭിക്ഷയായി പണം കിട്ടാത്തതിന്റെ നിരാശ: ഉത്തരമേഖല ഐജി
Mail This Article
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ചത് ബംഗാൾ കൊൽക്കത്ത സ്വദേശി പ്രസോൻജീത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തര മേഖല ഐജി നീരജ്കുമാർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും ഐജി വെളിപ്പെടുത്തി. രണ്ടു വർഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാൾക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് ഈ ഘട്ടത്തിൽ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രസോൻജീത് മാത്രമാണ് പ്രതി. എങ്കിലും കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘കൊൽക്കത്തയിലും മുംബൈയിലും ഹോട്ടലുകളിൽ ഇയാൾ ജോലി ചെയ്തിരുന്നു. കൊൽക്കത്തയിലെ 24 സൗത്ത് പർഗനാസിലാണ് പ്രസോൻജിത്തിന്റെ വീട്. കഴിഞ്ഞ 2 വർഷമായി ഇയാൾ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. എല്ലായിടത്തും കറങ്ങിനടന്ന് ഭിക്ഷയെടുത്താണ് ഇയാൾ ഉപജീവനം കണ്ടെത്തിയിരുന്നത്. തലശേരിയിൽ എത്തിയ സമയത്ത് ഭിക്ഷാടനത്തിലൂടെ കാര്യമായ തോതിൽ പണം ലഭിച്ചിരുന്നില്ല. അത് ഇയാളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവിടെനിന്ന് ഇയാൾ നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറയുന്നത്. ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചത്’ – നീരജ്കുമാർ ഗുപ്ത പറഞ്ഞു.
‘‘ഇയാൾക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. ഇതിനായി സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. ഇയാൾ തീയിടുന്നതിനായി ഇന്ധനം ഉൾപ്പെടെ എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. എങ്കിലും അക്കാര്യവും അന്വേഷിക്കുന്നുണ്ട്. എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ ഉടൻതന്നെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും’ – ഐജി വിശദീകരിച്ചു.
സിക്ദറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഇന്നു കൊൽക്കത്തയിലെത്തിയിരുന്നു. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. സിക്ദറിന്റെ മൊഴിയിലെ കാര്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ കൊൽക്കത്ത യാത്ര. നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.
ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു ട്രെയിനിൽ തീ കണ്ടത്. 1.35ന് അഗ്നിരക്ഷാസേനയെത്തി, ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കിൽനിന്ന് 100 മീറ്റർ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ട്രെയിനിന്റെ 17–ാം കോച്ച് പൂർണമായി കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനൽച്ചില്ലും വാഷ് ബേസിനും തകർത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്.
English Summary: Bengal Native Prasonjit Sikdar Is Behind Kannur Train Fire Case, Says Police