ഒഡീഷ ട്രെയിൻ അപകടം: രക്ഷാപ്രവർത്തനം തുടരുന്നെന്ന് പ്രധാനമന്ത്രി, ഞെട്ടിക്കുന്ന അപകടമെന്ന് മമത
Mail This Article
ഭുവനേശ്വർ∙ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെയുള്ളവർ അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ പങ്കുവയക്കുകയും ചെയ്തു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടത്തിൽപ്പെട്ടവർക്കു സാധ്യമായ എല്ലാ സഹായവും നൽകും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രക്ഷാപ്രവർത്തനത്തിനു സാധ്യമായ എല്ലാവഴികളും തേടുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. അദ്ദേഹം അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെ സംഘവും എൻഡിആർഎഫും വ്യോമസേനയും സജ്ജമാണെന്നും റെയിൽവേ മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ടവര്‍ വേഗത്തിൽ സുഖംപ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം നേരുന്നതായും അദ്ദേഹം കുറിച്ചു.
അപകടം ഞെട്ടിക്കുന്നതെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ട്വീറ്റ്. ഒഡീഷ സർക്കാരുമായും റെയിൽവേ വിഭാഗവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയണെന്ന് പറഞ്ഞ മമത, എമർജൻസി കൺട്രോൾ റൂം നമ്പറുകൾ (033-22143526, 033-22535185) പങ്കുവച്ചു. രക്ഷാപ്രവർത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിനായി ടീമിനെ അയയ്ക്കുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടം ഞെട്ടിപ്പിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഒഡീഷ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അപകടത്തിന്റെ വിശദാംശങ്ങൾ തേടിയതായി അദ്ദേഹം അറിയിച്ചു. അപകടസ്ഥലത്തെത്താന്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
ട്രെയിൻ അപകടത്തില്‍പ്പെട്ടവർ വേഗം സുഖംപ്രാപിക്കാനും രക്ഷാപ്രവർത്തനം വിജയകരമാകാനും വേണ്ടി പ്രാർഥിക്കുന്നെന്നു രാഷട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു. അപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞത് ദുഖകരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം അപകടമുണ്ടായ സ്ഥലത്ത് ഇന്നു രാവിലെ എത്തിച്ചേരുമെന്ന് ഒഡീഷ മുഖ്യന്ത്രി നവീൻ പട്നായിക് പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചതായും മുഖ്യന്ത്രി അറിയിച്ചു.
English Summary: Leaders respond to Odisha train accident