ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി
Mail This Article
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടം സിബിഐ അന്വേഷിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്തു. ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ 275 പേരാണ് മരിച്ചത്. ഇതിൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തി. മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രഥാമിക വിലയിരുത്തലെന്നും റെയിൽവേ ബോർഡിന്റെ നിഗമനം. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക.
English Summary: CBI to investigate Odisha train crash